
കണ്ണൂര്‍: ഇരിട്ടിയില്‍ ചികിത്സിക്കുന്നതിന് വേണ്ടി വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന ചരിഞ്ഞു. കരിക്കോട്ടക്കരി ജനവാസമേഖലയിലിറങ്ങിയ കുട്ടിയാനയെയാണ് ബുധനാഴ്ച വൈകുന്നരത്തോടെ മയക്കുവെടിവെച്ച് പിടികൂടിയത്. തുടര്‍ന്ന് രാത്രി ഒന്‍പതുമണിയോടെ ആന ചരിഞ്ഞതായി സ്ഥിരീകരിക്കുകയായിരുന്നു.
ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയ്ക്ക് ഗുരുതരമായ പരിക്കുണ്ടായിരുന്നു. വായിലായിരുന്നു പരിക്ക്. താടിയെല്ല് പൊട്ടിയ നിലയിലായിരുന്നു. എങ്ങനെയാണ് ആനയുടെ വായില്‍ ഇത്രവലിയ പരിക്കുണ്ടായത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. പടക്കം കടിച്ചതാകാമെന്നാണ് വനംവകുപ്പ് വിലയിരുത്തുന്നത്.
ഒരു റൗണ്ട് മയക്കുവെടി വെച്ചപ്പോള്‍ തന്നെ ആന മയങ്ങിയിരുന്നു. പിന്നീട് കയറില്‍ ബന്ധിച്ചാണ് ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റിയത്. കയറ്റുന്നതിനിടെ ആന തളര്‍ന്ന് വീണിരുന്നു. കഴിഞ്ഞ മൂന്നുനാലു ദിവസമായി ആന ഭക്ഷണം കഴിച്ചിരുന്നില്ല. വനമേഖലയിലേക്ക് പോകാന്‍ തയ്യറാകാത്തിരുന്നതോടെ ആനയെ പിടികൂടി ചികിത്സിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
ആറളത്തെ ആര്‍.ആര്‍.ടി സംഘത്തിന്റെ ക്യാംപിലെ ചികിത്സയ്ക്കിടെയായിരുന്നു ആന ചരിഞ്ഞത്. മൂന്ന് വയസ്സുള്ള കുട്ടിയാനയുടെ മരണക്കാരണം വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് വനംവകുപ്പ് വിശദീകരിച്ചു.