CrimeKeralaNews

കൊല്ലാനുറച്ച്, മെറിനെയും കാത്ത് ആശുപത്രിക്കു പുറത്ത് നെവിന്‍ കാത്തുനിന്നത് 45 മിനിറ്റ് ; തടയാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി

കോറല്‍ സ്പ്രിങ്സ് : യുഎസിലെ മയാമിയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്സ് മെറിന്‍ ജോയി (28) യെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്‍) ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിക്കു പുറത്ത് 45 മിനിറ്റോളം കാത്തുനില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. അവസാന ഷിഫ്റ്റും കഴിഞ്ഞ് സഹപ്രവര്‍ത്തകരോടു യാത്രപറഞ്ഞ് ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിയില്‍നിന്നു വീട്ടിലേക്കു പോകാന്‍ തയാറെടുക്കുമ്പോള്‍ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് മെറിന്‍ ആക്രമിക്കപ്പെട്ടത്. 17 തവണ കുത്തിയ ശേഷം നെവിന്‍ വാഹനം മെറിന്റെ ശരീരത്തിലൂടെ ഓടിച്ചുകയറ്റുകയായിരുന്നു.

മെറിനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ച ദൃക്‌സാക്ഷിയെ ഫിലിപ് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. മെറിന്റെ അലറിക്കരച്ചില്‍ കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയെങ്കിലും നെവിന്‍ കത്തി വീശി അവരെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ സഹപ്രവര്‍ത്തകര്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രമെടുത്തു പൊലീസിനു കൈമാറുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലന്‍സില്‍ വച്ച് നല്‍കിയ മൊഴി പൊലീസ് ചിത്രീകരിച്ചിരുന്നു. മരിക്കുന്നതിന് മുമ്പ് ആംബുലന്‍സില്‍ വച്ചാണ് തന്നെ ആക്രമിച്ചത് നെവിന്‍ ആണെന്ന് മെറിന്‍ പൊലീസിനെ അറിയിച്ചത്.

എമര്‍ജന്‍സി റൂമിനു തൊട്ടടുത്താണ് മെറിന്‍ കുത്തേറ്റു വീണതെങ്കിലും പരുക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു. വിവാഹമോചനത്തിനായി മെറിന്‍ ശ്രമിക്കുന്നതാണ് നെവിനെ ചൊടിപ്പിച്ചത്. കുഞ്ഞിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നെവിനെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണു സൂചന. വിവാഹമോചനത്തിനായി ശ്രമിക്കുന്നതും വൈരാഗ്യം വര്‍ധിക്കാന്‍ കാരണമായി. ഫിലിപ്പിനെ പിന്നീട് ഹോട്ട്‌സ്പ്രിംഗ്‌സിലെ തന്നെ മറ്റൊരു ഹോട്ടലിലെ മുറിയില്‍ സ്വയം കുത്തിപ്പരിക്കേല്‍പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോടതി ഫിലിപ്പിന് ജാമ്യം നിഷേധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button