ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിന്റെ പ്രവർത്തനം നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെർമിനൽ തുറക്കില്ല. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് അപകടം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ടെർമിനലിന്റെ പ്രവർത്തനം നിര്‍ത്തുന്നതായി അറിയിപ്പ് വന്നത്. അപകടത്തിൽ ഒരാൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തെതുടര്‍ന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം നഷ്ടപരിഹാരം നൽകുമെന്നും ശക്തമായ മഴയെ തുടർന്നാണ് മേൽക്കൂര തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനമെന്നും കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു. എയര്‍പോര്‍ട്ട് അധികൃതരും വ്യോമയാന മന്ത്രാലയവും അന്വേഷണം നടത്തുമെന്നും നിയമ നടപടി ഉണ്ടാകുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും മന്ത്രി വിശദീകരിച്ചു.
88 വർഷത്തിനുശേഷമുണ്ടായ കനത്തമഴയെത്തുടർന്നു പലയിടങ്ങളിലും വൈദ്യുതി മുടങ്ങുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഡൽഹിയിലെ പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ വെള്ളിയാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളിൽ 228.1 മില്ലിമീറ്റർ മഴയാണു രേഖപ്പെടുത്തിയത്.
രൂക്ഷമായ വെള്ളക്കെട്ട്, ഓടകൾ കവിഞ്ഞൊഴുകുന്ന സാഹചര്യം എന്നിവ വിലയിരുത്താൻ ഡൽഹി സർക്കാർ, ഡൽഹി ജല വകുപ്പ്, പിഡബ്ല്യുഡി, വെള്ളപ്പൊക്ക നിയന്ത്രണ വിഭാഗം(ഐ ആൻഡ് എഫ്സി), മുനിസിപ്പൽ കോർപ്പറേഷൻ, മെഡിക്കൽ കോളേജ് അധികൃതർ, ഡൽഹി പൊലീസ്, എൻഡിആർഎഫ് തുടങ്ങിയ ഏജൻസികളുമായി ഡൽഹി ലഫ്റ്റണന്റ് ഗവർണർ വികെ സക്സേന അടിയന്തര യോഗം നടത്തി. വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള അടിയന്തര കൺട്രോൾ റൂം സ്ഥാപിക്കാനും സ്റ്റാറ്റിക് പമ്പുകൾ വിന്യസിപ്പിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
അവധിയിലുള്ള എല്ലാ മുതിർന്ന ഉദ്യോഗസ്ഥരോടും ഉടൻ ഡ്യൂട്ടിയിലേക്കു മടങ്ങാനും അടുത്ത രണ്ടു മാസത്തേക്ക് അവധി അനുമതികൾ താൽക്കാലികമായി നിർത്തിവയ്ക്കാനും എൽജി ഉത്തരവിട്ടു. മഴയെത്തുടർന്നു ഡൽഹിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ അഴുക്കുചാലുകള്‍ കാരണമാണെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് കുറ്റപ്പെടുത്തി. നിരവധി തവണ ഓർമിപ്പിച്ചിട്ടും ഡൽഹി സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളക്കെട്ട് സംബന്ധിച്ച പരാതികൾക്കായി മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 24 മണിക്കൂറും എമർജൻസി കൺട്രോൾ റൂം സ്ഥാപിക്കും. അടുത്ത ആഴ്ചയ്ക്കുള്ളിൽ മാലിന്യം നീക്കം ചെയ്യാനും ഉദ്യോഗസ്ഥർക്കു നിർദേശമുണ്ട്.