KeralaNews

ഉമ്മന്‍ചാണ്ടിയ്ക്ക് പുതുപ്പള്ളിപ്പള്ളിയില്‍ പ്രത്യേക കല്ലറ,വൈദികരുടെ കബറിടത്തോട് ചേര്‍ന്ന് അന്ത്യവിശ്രമയിടം

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറ ഒരുക്കുന്നു. ‘കരോട്ട് വള്ളകാലിൽ’ കുടുംബ കല്ലറ നിലനിൽക്കേയാണ് ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുങ്ങുന്നത്.

പുതുപ്പള്ളി എന്ന നാടിനും പള്ളിക്കും നൽകിയ സേവനത്തിന് ആദര സൂചകമായിട്ടാണ് വൈദികരുടെ കബറിടത്തോട് ചേർന്ന് പ്രത്യേക കല്ലറ പണിയാൻ പള്ളി മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചത്. മറ്റന്നാള്‍ പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുക. 

ഒരായുസ്സ് മുഴുവൻ ജനങ്ങൾക്കിടയിൽ ചിലവഴിച്ച ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജനസാഗരമാണ് തലസ്ഥാനത്തെ വസതിയിലേക്ക് ഒഴുകിയെത്തുന്നത്. ബംഗളൂരുവിൽ നൂറുകണക്കിന് മലയാളികൾ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയതിനാൽ നിശ്ചയിച്ചതിലും രണ്ട് മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തിൽ ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.

വിമാനത്താവളത്തിൽ നിന്ന് തലസ്ഥനത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലേക്കുള്ള വിലാപയാത്രയെ ആയിരങ്ങൾ അനുഗമിച്ചു. അര നൂറ്റാണ്ടിലേറെ ഉമ്മൻചാണ്ടിയുടെ തട്ടകമായിരുന്ന തലസ്ഥാന നഗരിയിൽ മൂന്നിടത്തുകൂടി ഇന്ന് പൊതുദർശനം നിശ്ചയിച്ചിട്ടുണ്ട് എങ്കിലും ജനപ്രവാഹം കാരണം ഇപ്പോഴും പുതുപ്പള്ളി ഹൗസിൽത്തന്നെയാണ് മൃതദേഹം.  

രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗം ഇന്ന് പുലർച്ചെ 4.25 ന് ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ വെച്ചായിരുന്നു. ഭൗതിക ശരീരം നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും.

നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും. രാത്രിയിൽ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് എന്നും പ്രിയപ്പെട്ട സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ സെമിത്തേരിയിൽ മറ്റന്നാൾ ഉച്ചയ്ക്ക് രണ്ടരയ്ക്ക് സംസ്കാരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button