FootballKeralaNewsSports

KERALA BLASTERS ⚽ ജയിച്ചേ തീരൂ,കേരളബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടും

കൊച്ചി: ഐഎസ്എല്ലിൽ കേരളബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടും. കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. നാല് കളിയേ ബാക്കിയുള്ളൂ. പ്ലേ ഓഫിൽ എത്തണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാതെ രക്ഷയില്ല. ലീഗിലെ ഒൻപതാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനോട് നേരിട്ട അപ്രതീക്ഷിത തോൽവിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. തിരിച്ചടിയായത് പതിവുപോലെ പ്രതിരോധനിരയുടെ പിഴവ് തന്നെ. ഈസ്റ്റ് ബംഗാളിനോടേറ്റ തോൽവിയിൽ നിന്ന് മഞ്ഞപ്പടയുടെ പിന്തുണയോടെ കരകയറാൻ ബ്ലാസ്റ്റേഴ്സ്. മുന്നിലുള്ളത് അവസാന അഞ്ച് കളിയിലും ജയിക്കാനാവാത്ത ചെന്നൈയിൻ എഫ് സിയാണെന്ന ആശ്വാസമുണ്ട്.

16 കളിയിൽ 28 പോയന്‍റുമായി മൂന്നാം സ്ഥാനത്തുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കാൻ ബ്ലാസ്റ്റേഴ്സിനാവുന്നില്ല. പ്രതിരോധനിരയുടെ പാളിച്ചകളാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന ആശങ്ക. 25 ഗോൾ നേടിയെങ്കിലും 23 ഗോളും തിരിച്ചുവാങ്ങി. അഡ്രിയൻ ലൂണ നയിക്കുന്ന മധ്യനിരയും പ്രതീക്ഷയ്ക്കൊത്തുയരുന്നില്ല. കൊച്ചിയിലിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ്.

ചെന്നൈയിൽ നടന്ന ആദ്യപാദത്തിൽ ഇരുടീമും ഓരോഗോൾ നേടി സമനില പാലിക്കുകയായിരുന്നു. ഇരുടീമും ആകെ ഏറ്റുമുട്ടിയത് 19 കളികളിൽ. ബ്ലാസ്റ്റേഴ്സ് അഞ്ചിലും ചെന്നൈയിൻ ആറിലും ജയിച്ചു. എട്ട് കളി സമനിലയിൽ. ബ്ലാസ്റ്റേഴ്സ് 26 ഗോളടിച്ചപ്പോൾ ചെന്നൈയിൻ നേടിയത് 24 ഗോൾ. കഴിഞ്ഞ സീസണിൽ ഇരുടീമും നേർക്കുനേർ വന്ന രണ്ടുകളിയിലും ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോൾവീതം നേടി ജയിച്ചു

ഐഎസ്എല്ലിൽ ഇനിയുള്ള നാല് കളിയും കേരള ബ്ലാസ്റ്റേഴ്സിന് ഫൈനലുകളാണെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് പ്രഖ്യാപിച്ചു കഴിഞ്ഞു. ഹോം ഗ്രൗണ്ടിൽ താരങ്ങൾ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു. പോയന്‍റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാരാണ് പ്ലേ ഓഫിലേക്ക് മുന്നേറുക. മൂന്നാം സ്ഥാനത്താണെങ്കിലും എടികെ ബഗാനും ഗോവയും ബംഗലൂരുവും തൊട്ടുപിന്നിലുണ്ട്. ഇതുകൊണ്ടുതന്നെ ഇനിയുള്ള നാല് കളിയും ബ്ലാസ്റ്റേഴ്സിന് വളരെ നിർ‍ണായകമാണ്. ചെന്നൈയിൻ, ബെഗളൂരു, എടികെ ബഗാൻ, ഹൈദരാബാദ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്‍റെ ശേഷിക്കുന്ന എതിരാളികൾ.

ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന്‍ എഫ് സി മത്സരത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന റോഡുകളിൽ ഇന്ന് വാഹനങ്ങൾക്ക് പ്രവേശനമില്ല. പൊതുജനങ്ങൾ പരമാവധി പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കണമെന്ന് പൊലീസ് അറിയിച്ചു.

രാരാത്രി 10.30വരെയാണ് ഗതാഗതനിയന്ത്രണം.വടക്കൻ ജില്ലകളിൽനിന്ന് കളികാണാൻ എത്തുന്നവർ ആലുവയിൽനിന്നും തെക്കൻ ജില്ലകളിൽനിന്ന് എത്തുന്നവർ വൈറ്റില യിൽനിന്നും മെട്രോയും ബസുകളും ഉപയോഗപ്പെടുത്തണം. നഗരത്തിൽ പ്രവേശിക്കുന്ന വാഹനങ്ങൾ കണ്ടെയ്നർ റോഡിലും മറൈൻ ഡ്രൈവിലും പാലാരിവട്ടം ബൈപാസിലും പാർക്ക് ചെയ്യണം. വൈകീട്ട് മൂന്ന് മുതൽ ഏഴുവരെയായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനമെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button