NationalNews

‘ഷിന്‍ഡേ സേന’യ്ക്കായി് ബുക്ക് ചെയ്തിരിക്കുന്നത് 70 മുറി, വാടക 56 ലക്ഷം; ഒരു ദിവസം ചെലവ് 8 ലക്ഷം,ഓപ്പറേഷന്‍ താമര വിജയത്തിലേക്ക്

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിലുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ് ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രം. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സര്‍ക്കാരില്‍ ഉള്‍പ്പെട്ട ശിവസേനയുടെ വിമത എംഎല്‍എമാര്‍ ക്യാംപ് ചെയ്യുന്നത് ഈ ഹോട്ടലിലാണ്. വിമതനേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ഹോട്ടലില്‍ തങ്ങിയിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ടു വരെയുള്ള വിവരപ്രകാരം 41 എംഎല്‍എമാരാണ് ഷിന്‍ഡെയ്‌ക്കൊപ്പമുള്ളത്. ചില എംപിമാരും കൂടെയുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെയാണ് ഗുജറാത്തിലെ സൂറത്തില്‍നിന്നും വിമതര്‍ ഗുവാഹത്തിയിലെ റാഡിസന്‍ ബ്ലൂ ഹോട്ടലിലെത്തിയത്. കനത്ത സുരക്ഷയാണ് അസമിലെ ബിജെപി സര്‍ക്കാര്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്. എംഎല്‍എമാര്‍ക്കായി ഏഴു ദിവസത്തേക്ക് 70 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. മുറികള്‍ ബുക്ക് ചെയ്തതിനുള്ള ആകെ ചെലവ് 56 ലക്ഷം രൂപയാണെന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കിയ വിവരം. ഇതുകൂടാതെ ഭക്ഷണത്തിനും മറ്റു കാര്യങ്ങള്‍ക്കുമായി പ്രതിദിനം എട്ടു ലക്ഷം രൂപ ചെലവുണ്ട്.

ഹോട്ടലില്‍ ആകെ 196 മുറികളുണ്ട്. എംഎല്‍എമാര്‍ക്കും മറ്റു സംഘാങ്ങള്‍ക്കുമായി ബുക്ക് ചെയ്ത 70 മുറികള്‍ ഒഴികെ, പുതിയ ബുക്കിങ്ങുകള്‍ ഒന്നും ഹോട്ടല്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. ബാങ്ക്വറ്റ് ഹാള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഹോട്ടലിലെ റസ്റ്ററന്റിലും താമസക്കാര്‍ക്ക് ഒഴികെ മറ്റാര്‍ക്കു പ്രവേശനമില്ല. ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ക്ക് ഉള്‍പ്പെടെ ‘ഓപ്പറേഷന്റെ’ മറ്റു ചെലവുകളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കോണ്‍ഗ്രസും എന്‍സിപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഹിന്ദുത്വ അജന്‍ഡയില്‍ ഉറച്ച് ബിജെപിയുമായി സഖ്യം ശിവസേന പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ ആവശ്യം. വിമതരെ അനുനയിപ്പിക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. ഭൂരിപക്ഷ എംഎല്‍എമാരും കൈവിട്ടെന്ന് ഉറപ്പായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനവും ശിവസേന അധ്യക്ഷസ്ഥാനവും രാജിവയ്ക്കാന്‍ ഉദ്ധവ് താക്കറെ സന്നദ്ധത അറിയിച്ചിരുന്നു. ഉദ്ധവ്, ഔദ്യോഗിക വസതി ഒഴിയുകയും ചെയ്തു.

‘നേരിട്ടത് അവഹേളനങ്ങളുടെ പരമ്പര’; ഉദ്ധവിന് എംഎല്‍എയുടെ കത്ത്

നേതൃത്വത്തില്‍നിന്നു കടുത്ത അവഗണനയും അപമാനവും നേരിട്ടതിനാലാണു മറുകണ്ടം ചാടിയതെന്ന് വിമത എംഎല്‍എ സഞ്ജയ് ഷിര്‍സാഠ് മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ഉദ്ധവ് താക്കറെയ്ക്ക് കത്തെഴുതി. വിമതരുടെ ശബ്ദമെന്ന മട്ടില്‍ ഏക്‌നാഥ് ഷിന്‍ഡെ കത്ത് ട്വീറ്റ് ചെയ്തു.

മഹാ വികാസ് അഘാഡി കൊണ്ട് എന്‍സിപിക്കും കോണ്‍ഗ്രസിനും മാത്രമാണ് നേട്ടമുണ്ടായത്. കഴിഞ്ഞ രണ്ടരവര്‍ഷവും സഖ്യത്തിലും സര്‍ക്കാരിലും ശിവസേനയെ അവഗണിച്ചു. മാസങ്ങളോളം മുഖ്യന്ത്രിയെ കാണാനായില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ അവരോടു മറുപടി പറയാനോ പോലും സാധിക്കാത്ത അവസ്ഥ വന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പലപ്പോഴും പ്രവേശിക്കാന്‍ പോലും എംഎല്‍എമാര്‍ക്ക് അനുമതി ലഭിച്ചില്ല. അതേസമയം, എംഎല്‍എമാര്‍ക്കായി ഷിന്‍ഡെ വാതില്‍ തുറന്നിട്ടു. പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരിഹരിക്കുകയും ചെയ്തു.

മകനും മന്ത്രിയുമായ ആദിത്യ താക്കറെയുടെ അയോധ്യ യാത്രയില്‍ അനുഗമിക്കാനെത്തിയ ശിവസേനാ എംഎല്‍എമാരെ വിമാനത്താവളത്തില്‍നിന്ന് ഉദ്ധവ് തിരിച്ചയച്ചു. ഇങ്ങനെ അവഹേളനങ്ങളുടെ പരമ്പരയ്ക്കു ശേഷമാണ് കടുത്ത തീരുമാനമെന്നും പറയുന്നു.

‘ഒരു ദേശീയ പാര്‍ട്ടിയുടെ പിന്തുണയുണ്ട്, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു’

ഒരു ‘ദേശീയ പാര്‍ട്ടി’ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഗുവാഹത്തിയിലെ ഹോട്ടലിലുള്ള ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ. വിമതരുടെ നീക്കം ചരിത്രപരമാണെന്ന് ആ പാര്‍ട്ടി വിശേഷിപ്പിച്ചതായും ഷിന്‍ഡെ ഹോട്ടലിലെ വിമത എംഎല്‍എമാരോടു പറഞ്ഞു. ഹോട്ടലില്‍ എംഎല്‍എമാരോടു സംസാരിക്കുന്ന ഏക്‌നാഥ് ഷിന്‍ഡെയുടെ ദൃശ്യങ്ങളും പുറത്തുവന്നു.

‘നമ്മുടെ ആശങ്കയും സന്തോഷവും ഒന്നാണ്. നമുക്കിടയില്‍ ഐക്യമുണ്ട്. വിജയവും നമ്മുടേതാകും. ഒരു ദേശീയ പാര്‍ട്ടിയുണ്ട്, മഹാശക്തി. പാക്കിസ്ഥാനെപ്പോലും അവര്‍ പരാജയപ്പെടുത്തി. നമ്മള്‍ ചരിത്രപരമായ ഒരു തീരുമാനമെടുത്തെന്നാണ് അവര്‍ പറഞ്ഞത്. എല്ലാ സഹായവും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്- വിഡിയോയില്‍ ഷിന്‍ഡെ പറയുന്നു.

രണ്ട സ്വതന്ത്രര്‍ ഉള്‍പ്പെടെ 41 എംഎല്‍എമാരാണ് ഷിന്‍ഡെയ്ക്കൊപ്പം ഗുവാഹത്തിയിലുള്ളത്. മൂന്നു ശിവസേന എംഎല്‍എമാരും അഞ്ച് സ്വതന്ത്രരും വ്യാഴാഴ്ച രാത്രി ഗുജറാത്തിലെ സൂറത്തിലേക്കു പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശിവസേനയിലേത് ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും അതില്‍ ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു ബിജെപിയുടെ നിലപാട്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അമിത് ഷായെ കാണാന്‍ ഡല്‍ഹിയിലേക്കു പോയിട്ടുണ്ട്.

അതേസമയം, മഹാരാഷ്ട്രയിലെ എംഎല്‍എമാര്‍ അസമില്‍ താമസിക്കുന്നുണ്ടോയെന്നു അറിയില്ലെന്ന് അസം മുഖ്യമന്ത്രി , ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ‘അസമില്‍ നല്ല ഹോട്ടലുകളുണ്ട്, ആര്‍ക്കും അവിടെ വന്ന് താമസിക്കാം. അതില്‍ ഒരു പ്രശ്‌നവുമില്ല. മഹാരാഷ്ട്ര എംഎല്‍എമാര്‍ അസമില്‍ താമസിക്കുന്നുണ്ടോ എന്നറിയില്ല. മറ്റ് സംസ്ഥാനങ്ങളിലെ എംഎല്‍എമാര്‍ക്കും അസമില്‍ വന്ന് താമസിക്കാം.’- മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button