ഡല്‍ഹിയില്‍ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണു; 3കുട്ടികൾക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്
ന്യൂഡല്‍ഹി: ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണ് മൂന്ന് കുട്ടികൾ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുവരികയാണ്. അതേസമയം, മഴ സാഹചര്യം കണക്കിലെടുത്ത് ദില്ലിയിൽ അവധിയിൽ പോയ മുതിർന്ന ഉദ്യോഗസ്ഥരോട് തിരികെ എത്താൻ ലഫ് ഗവർണർ നിർദ്ദേശം നൽകി. രണ്ട് മാസത്തേക്ക് ദീർഘ അവധികൾ നൽകില്ലെന്ന് ലഫ് ഗവർണർ അറിയിച്ചു.
ഡല്‍ഹിയില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. മഴക്കെടുതിയിൽ മൂന്ന് മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് ഓറഞ്ച് അലർട്ട് ആണെങ്കിലും സാധാരണ മഴയാകും ലഭിക്കുക എന്നാണ് പ്രവചനം. ഇന്നലെ പെയ്ത കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തിൽ അനുഭവപ്പെട്ടത്.
ഡല്‍ഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. അതേസമയം തകർന്ന് വീണ മേൽക്കൂരയുടെ ഭാഗം പൂർണ്ണമായി മാറ്റാനുള്ള ശ്രമം തുടരുകയാണ്. ടെർമിനിൽ ഒന്നിൽ നിന്ന് ഇന്ന് വിമാനസർവീസുകൾ സാധാരണനിലയാകുമെന്ന് വിവരം. മഴക്കെടുതി നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ദില്ലി സർക്കാർ വ്യക്തമാക്കി. വസന്ത് കുഞ്ചിൽ മതിലിടഞ്ഞ് കുഴിയിൽ വീണ് കാണാതായ തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.