കർണാടക: കോൺഗ്രസ്- ദൾ സർക്കാരിൽ പ്രതിസന്ധി തുടരുന്നു, രാജിവെച്ചത് 14 എം.എൽ.എമാർ, കരുനീക്കം ശക്തമാക്കി ബി.ജെ.പി
ബെംഗളൂരു :14 ഭരണകക്ഷി എം.എൽ.എ മാരുടെ രാജിയേത്തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്താൻ കോൺഗ്രസ്, ജെ.ഡി.എസ്, ബി.ജെ.പി ക്യാമ്പുകളിൽ തിരക്കിട്ട ആലോചനകളാണ് പുരോഗമിയ്ക്കുന്നത്. നിലവിലെ അവസരം വിനിയോഗിച്ച് പുതിയ സർക്കാർ രൂപീകരിയ്ക്കാനുള്ള നടപടികൾ ബി.ജെ.പി തുടങ്ങിക്കഴിഞ്ഞു.എം.എൽ.എമാരെ തിരിച്ചെത്തിയ്ക്കാനുള്ള അന്തിമ ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്.
സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നിലവിൽ ബിജെപിക്കുണ്ടെന്ന് കേന്ദ്രമന്ത്രി ഡി വി ദാനന്ദ ഗൗഡ. കർണാടകയിൽ പുതിയ സർക്കാരുണ്ടായാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകും. ഗവർണറാണ് ഇതിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത്. സഖ്യ സർക്കാർ താഴെ വീണാൽ ബിജെപിയെ സർക്കാർ രൂപികരിക്കാൻ ക്ഷണിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. 105 എംഎൽഎമാരാണ് ബിജെപിക്കുള്ളതെന്നും ഗവർണർ ക്ഷണിച്ചാൽ സർക്കാർ രൂപികരിക്കുമെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി
സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചാൽ മാത്രം ഭാവി പരിപാടികൾ ആലോചിക്കുമെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല. ഞങ്ങൾ നേരത്തേ ഈ സർക്കാർ താഴെ വീഴുമെന്ന് പ്രവചിച്ചിരുന്നു. ആഭ്യന്തര കലഹങ്ങളുടെ ഭാരം താങ്ങാൻ ഈ സർക്കാരിന് കഴിയില്ല. കാത്തിരുന്ന് കാണാമെന്ന നയമാണ് ബിജെപി സ്വീകരിക്കുന്നതെന്നും വേണ്ട സമയത്ത് വേണ്ട നടപടിയെടുക്കാം”, യെദ്യൂരപ്പ വ്യക്തമാക്കി. അതോടൊപ്പം തന്നെ രാജി വയ്ക്കാനെത്തിയ ഒരു എംഎൽഎയുടെ രാജിക്കത്ത് ഡി കെ ശിവകുമാർ കീറിയെറിഞ്ഞെന്ന ആരോപണവുമായും യെദ്യൂരപ്പ രംഗത്തെത്തി. സ്പീക്കറുടെ ഓഫീസിൽ വച്ചാണ് ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ നടക്കുന്നത്. ജനങ്ങൾ ഇത് കാണുന്നുണ്ടെന്ന് ഓർമ വേണമെന്നും അദ്ദേഹം പറഞ്ഞു
എന്നാൽഎംഎൽഎമാരുടെ രാജിക്കത്ത് വലിച്ചുകീറിയെന്ന ആരോപണം ഡി.കെ. ശിവകുമാർ അംഗീകരിച്ചു. ‘ഞാനെന്തിനത് ചെയ്യാതിരിക്കണം. എന്നെ ജയിലിൽ അടയ്ക്കണമെന്ന് അവർക്കാഗ്രഹമുണ്ടെങ്കിൽ പരാതി കൊടുക്കട്ടെ. എനിക്കറിയാം വലിയ ഉത്തരവാദിത്തമാണ് ഇതെന്ന്. പരിണിത ഫലങ്ങൾ അനുഭവിയ്ക്കാൻ ഞാൻ തയാറാണ്’.ശിവകുമാർ പറഞ്ഞു.
മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 കോണ്‍ഗ്രസ്-ദള്‍ എംഎല്‍എമാര്‍ സ്പീക്കറുടെ ഓഫിസിലെത്തിയാണു രാജി സമർപ്പിച്ചത്. ഇവരെ അനുനയിപ്പിക്കാനായി മന്ത്രി ഡി.കെ.ശിവകുമാര്‍ വിധാന്‍സൗധയിൽ എത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് അറിയുന്നത്. സ്പീക്കര്‍ ഓഫിസില്‍ ഇല്ലായിരുന്നു. എംഎൽഎമാരുടെ രാജിക്കത്ത് കിട്ടിയതായി പിന്നീട് സ്പീക്കർ സ്ഥിരീകരിച്ചു.
.