News

ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, എല്ലാ വെള്ളിയാഴ്ചയും എന്‍.സി.ബി ഓഫിസില്‍ ഹാജരാകണം; ആര്യന്‍ ഖാന്റ ജാമ്യവ്യവസ്ഥകള്‍

മുംബൈ: ആര്യന്‍ ഖാന്റ ജാമ്യവ്യവസ്ഥകള്‍ പ്രഖ്യാപിച്ച് ബോംബെ ഹൈക്കോടതി. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി ജാമ്യവ്യവസ്ഥയില്‍ പറയുന്നു. ഇതേ തുകക്ക് ഒന്നോ അതിലധികമോ ആള്‍ ജാമ്യം വേണം. അഞ്ച് പേജുകള്‍ ഉള്ളതാണ് ജാമ്യ ഉത്തരവ്. മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. മുംബൈയ്ക്ക് പുറത്തു പോകേണ്ടി വന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. മാധ്യമങ്ങളില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തരുത്, എന്നിവയാണ് മറ്റ് ജാമ്യ വ്യവസ്ഥകള്‍. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍ മുണ്‍ ധമേച്ച എന്നിവര്‍ എല്ലാ വെള്ളിയാഴ്ചയും 11 മണിക്ക് എന്‍സിബി ഓഫിസില്‍ ഹാജരാകണമെന്നും കോടതി പറഞ്ഞു. വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍സിബിക്ക് സമീപിക്കാം.

ഇന്നലെയാണ് ആഡംബര കപ്പല്‍ ലഹരിക്കേസില്‍ ആര്യന്‍ ഖആന് ജാമ്യം ലഭിക്കുന്നത്. 23 കാരനായ ആര്യന്‍ ഖാന്‍ ഈ മാസം മൂന്നിനാണ് ആഡംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡിനിടെ കസ്റ്റഡിയിലായത്. തുടര്‍ന്ന് മുംബൈ ആര്‍തര്‍ റോഡിലെ ജയിലില്‍ റിമാന്‍ഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്താന്‍ എന്‍സിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയില്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

21 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ആര്യന്‍ ഖാന്‍ ജയില്‍ മോചിതനാകുന്നത്. ആര്യന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത എന്‍സിബി ആര്യന് മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്സാപ് ചാറ്റുകള്‍ ഇതിന് തെളിവാണെന്നുമാണ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, വന്‍തോതില്‍ ലഹരിമരുന്ന് പ്രതികളില്‍ നിന്നും കണ്ടെത്തിയിട്ടില്ല.

ഗൂഡാലോചന കുറ്റം തെളിയിക്കാനായില്ല, വാട്സ് ആപ് ചാറ്റുകള്‍ സംബന്ധിച്ച രേഖകള്‍ മാത്രമാണ് എന്‍സിബിയുടെ കയ്യിലുള്ളത്. അര്‍ബാസില്‍ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് ജയില്‍വാസത്തിന് മതിയാവുന്നതല്ലെന്നും ആര്യന്‍ ലഹരി ഉപയോഗിച്ചത് തെളിയിക്കാന്‍ എന്‍സിബി വൈദ്യപരിശോധന പോലും നടത്തിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ആര്യന്‍ ഖാന് ജാമ്യം ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button