FootballNewsSports

അടി..തിരിച്ചടി, ഉക്രെനെതിരെ നെതർലാൻ്റ്സിന് ജയം

ആംസ്റ്റർഡാം: യൂറോ കപ്പിൽ ജയത്തോടെ തുടങ്ങി ഡച്ച് നിര. ഗ്രൂപ്പ് സിയിൽ യുക്രൈനെതിരേ നടന്ന മത്സരത്തിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു നെതർലൻഡ്സിന്റെ ജയം.

ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉടനീലം കണ്ട മത്സരത്തിൽ ക്യാപ്റ്റൻ ജോർജിനിയോ വൈനാൾഡം, വൗട്ട് വെഗോർസ്റ്റ്, ഡെൻസൽ ഡംഫ്രീസ് എന്നിവരാണ് ഡച്ച് നിരയ്ക്കായി സ്കോർ ചെയ്തത്. ആൻഡ്രി യാർമൊലെങ്കോ, റോമൻ യാരെംചുക്ക് എന്നിവർ യുക്രൈനു വേണ്ടി സ്കോർ ചെയ്തു.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 52-ാം മിനിറ്റിലാണ് ഡച്ച് നിര യുക്രൈൻ വല കുലുക്കിയത്. ഡംഫ്രീസിന്റെ ക്രോസ് യുക്രൈൻ ഗോൾകീപ്പർ ബുഷ്ചാൻ തടഞ്ഞിട്ടത് വൈനാൾഡമിന്റെ മുന്നിലേക്ക്. ഒട്ടും സമയം പാഴാക്കാതെ താരത്തിന്റെ ബുള്ളറ്റ് ഷോട്ട് വലയിൽ.

58-ാം മിനിറ്റിൽ ഡംഫ്രീസിന്റെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. പന്ത് ലഭിച്ച വൗട്ട് വെഗോർസ്റ്റ് നെതർലൻഡ്സിന്റെ ലീഡുയർത്തി.

74-ാം മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിലായിരുന്ന ഡച്ച് നിരയ്ക്കെതിരേ നാലു മിനിറ്റുകൾക്കുള്ളിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ച് യുക്രൈൻ മത്സരത്തിലേക്ക് തിരികെയെത്തിയിരുന്നു. 75-ാം മിനിറ്റിൽ തകർപ്പൻ ഷോട്ടിലൂടെ ആൻഡ്രി യാർമൊലെങ്കോ ഡച്ച് വല കുലുക്കി. 79-ാം മിനിറ്റിൽ റസ്ലൻ മലിനോവ്സ്കിയുടെ ഫ്രീ കിക്കിൽ നിന്ന് റോമൻ യാരെംചുക്ക് യുക്രൈന്റെ രണ്ടാം ഗോൾ സ്വന്തമാക്കി.

പക്ഷേ 85-ാം മിനിറ്റിൽ നഥാൻ അക്കെയുടെ ഫ്രീകിക്കിൽ നിന്ന് ഡെംഫ്രീസ് സ്കോർ ചെയ്തതോടെ യുക്രൈ പ്രതീക്ഷകൾ അവസാനിച്ചു.

മത്സരത്തിലുടനീളം ഇരു ടീമുകളും മികച്ച ആക്രമണ ഫുട്ബോളുമായി കളംനിറഞ്ഞു. ഡച്ച് നിരയ്ക്കാണ് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. എന്നാൽ യുക്രൈൻ ഗോൾകീപ്പർ ബുഷ്ചാൻ മികച്ച പ്രകടനം പലപ്പോഴും അവർക്ക് വിലങ്ങുതടിയായി.

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ മെംഫിസ് ഡീപേ പന്തുമായി ഒറ്റയ്ക്ക് മുന്നേറി. പക്ഷേ അദ്ദേഹത്തിന്റെ ശ്രമം യുക്രൈൻ ഗോൾകീപ്പർ ബുഷ്ചാൻ തട്ടിയകറ്റി.

ആറാം മിനിറ്റിലാണ് ഡച്ച് ടീമിന് ഉറച്ച ഗോളവസരം ലഭിച്ചത്. പക്ഷേ ഡംഫ്രീസിന്റെ ഷോട്ടും ബുഷ്ചാൻ തടഞ്ഞു. കൂടാതെ 23, 27 മിനിറ്റുകളിൽ ഡച്ച് ടീമിന്റെ ഗോളെന്നുറച്ച അവസരങ്ങളിലും ബുഷ്ചാൻ യുക്രൈൻ നിരയുടെ രക്ഷയ്ക്കെത്തി.

39-ാം മിനിറ്റിൽ ജോർജിനിയോ വൈനാൾഡമിന്റെ ഗോളെന്നുറച്ച ഷോട്ടും ബുഷ്ചാൻ തട്ടിയകറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button