കൊച്ചി:സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാവുകയാണ്. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും കടല്‍ക്ഷോഭം രൂക്ഷമാണ്. ഈ ജില്ലകളില്‍ കണ്ട്രോള് റൂമുകള്‍ തുറന്നു. കൂടാതെ പല പ്രദേശങ്ങളിലും വെള്ള കയറി. കടല്‍ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശേം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി. കോഴിക്കോട് കൊയിലാണ്ടി, കാപ്പാട്, തോപ്പയില്‍ ഭാഗങ്ങളിലും കടല്‍ക്ഷോഭം ശക്തമാണ്. മഴയും കടലേറ്റവും തുടര്‍ന്നാല്‍ സംസ്ഥാനത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്‍പ്പെടെ തുറക്കേണ്ടി വരും.
കോഴിക്കോട് ജില്ലയില്‍ പലയിടത്തും കടല്‍ക്ഷോഭം രൂക്ഷമാണ്. തോപ്പയില്‍, കൊയിലാണ്ടി, ഗോതീശ്വരം ഭാഗങ്ങളിലാണ് കടലാക്രമണം ഏറ്റവും ശക്തമായത്. തോപ്പയില്‍ ഭാഗത്ത് പത്ത് വീടുകളില്‍ വെള്ളം കയറി. കൂടുതല്‍ വീടുകളുടെ മുറ്റത്തേക്ക് വെള്ളം കയറിയതോടെ തോപ്പയില്‍ എല്‍പി സ്കൂള്‍, മദ്രസ്സഹാള്‍ എന്നിവിടങ്ങളിലേക്ക് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കി.
കൊവിഡ് പരിശോധനയ്ക്ക് ശേഷമായിരുന്നു ആളുകളെ മാറ്റി താമസിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് പോസറ്റീവായ 31 പേരെ എഫ്എല്‍ടിസിയിലേക്കും മാറ്റി. കടലാക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാകളക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി, കാപ്പാട്, ഗോതീശ്വരം ബീച്ച് എന്നിവിടങ്ങളിലും കടല്‍ പ്രക്ഷുബ്ദമാണ്.
കൊയിലാണ്ടി ഏഴു കുടിക്കല്‍ ബീച്ചില്‍ 45 കിലോമീറ്ററോളം നീളത്തില്‍ റോഡ് കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. അതിനിടെ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ ശക്തമാണ്. കൂടാതെ ആലപ്പുഴയിലും എറണാകുളത്തും ശക്തമായ മഴ തുടരുകയാണ്. എറണാകുളത്ത് ചെല്ലാനത്ത് ഇന്നലെ കടല്‍ക്ഷോഭം രൂക്ഷമാവുകയാണ്.