ബ്രസീലിയ: ബ്രസീലിലെ മിന്നല്‍പ്രളയത്തില്‍ 78 പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ബ്രസീല്‍ നഗരമായ പെട്രോപോളിസിനെ ദുരിതത്തിലാക്കിയാണ് മിന്നല്‍ പ്രളയം നാശം വിതച്ചത്. തെരുവുകള്‍ കുത്തിയൊലിച്ച് ഒഴുകുന്ന നദികളായി മാറി. വാഹനങ്ങള്‍ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കനത്തമഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതാണ് ദുരിതം വര്‍ധിപ്പിച്ചത്. മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിന് രക്ഷാദൗത്യം തുടരുകയാണ്. ഒരു മാസം കൊണ്ട് പെയ്യേണ്ട മഴ മൂന്ന് മണിക്കൂര്‍ കൊണ്ട് പെയ്തിറങ്ങിയതാണ് നഗരത്തെ തകര്‍ത്തെറിഞ്ഞത്.
പ്രമുഖ നഗരമായ റിയോ ഡി ജനീറോയുടെ വടക്കുഭാഗത്തുള്ള സുഖവാസ കേന്ദ്രമാണ് പെട്രോപോളിസ്. വീടുകള്‍ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നൂറു കണക്കിന് ആളുകള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വീടുകളിലും കടകളിലും വെള്ളം കയറിയതോടെ നാശനഷ്ടങ്ങളുടെ വ്യാപ്തി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.