10 മാസം കൊവിഡ് പോസിറ്റീവായി തുടര്‍ന്ന 72 കാരന്‍ ഒടുവില്‍ നെഗറ്റീവ്
ലണ്ടന്‍: ബ്രിട്ടനില്‍ 72 വയസ്സുകാരന്‍ കോവിഡ് ബാധിതനായി ജീവിച്ചത് പത്തു മാസത്തോളം. ഇതുവരെയുള്ളതില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കോവിഡ് പോസിറ്റീവ് ആയ വ്യക്തി എന്ന റെക്കോര്‍ഡ് ഇദ്ദേഹത്തിനാണ്. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളില്‍ താമസമാക്കിയ ഡേവ് സ്മിത്ത് എന്ന ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍ക്കാണ് തുടര്‍ച്ചയായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.
43 തവണ കോവിഡ് പരിശോധന നടത്തിയെന്നാണ് സ്മിത്ത് പറയുന്നത്. ഏഴു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നിരവധി തവണ തന്റെ ശവസംസ്‌കാരത്തിനായുള്ള ഒരുക്കങ്ങള്‍ വരെ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
‘ഇതില്‍നിന്ന് അദ്ദേഹം രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് തോന്നിച്ച നിരവധി അവസരങ്ങളുണ്ട്. ഒരു വര്‍ഷമായി നരകതുല്യമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്’- സ്മിത്തിനൊപ്പം ഒരേ വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞ ഭാര്യ ലിന്‍ഡ അഭിപ്രായപ്പെട്ടു. സ്മിത്തിന്റെ ശരീരത്തില്‍ സജീവ വൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നെന്നാണ് ബ്രിസ്റ്റന്‍ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി കണ്‍സള്‍ട്ടന്റ് എഡ് മോറന്‍ അഭിപ്രായപ്പെട്ടത്.
യുഎസ്സിലെ ബയോടെക് സ്ഥാപനമായ റിജെനറോണ്‍ വികസിപ്പിച്ച സിന്തറ്റിക് ആന്റിബോഡികളുടെ മിശ്രിതം ഉപയോഗിച്ച് നടത്തിയ ചികിത്സയിലൂടെയാണ് സ്മിത്ത് സുഖം പ്രാപിച്ചത്. ഇത്തരത്തില്‍ ഒരു ചികിത്സാ രീതി ബ്രിട്ടനില്‍ അംഗീകരിച്ചിട്ടില്ലെന്നും സ്മിത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇതിന് അനുമതി നല്‍കിയതെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ശക്തമായ പ്രതിരോധശേഷി വികസിപ്പിക്കാന്‍ കഴിയാത്ത രോഗികളെ മരണത്തില്‍നിന്നു കരകയറ്റുന്നതില്‍ ഈ ചികിത്സാരീതി ഫലം കണ്ടിട്ടുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഈ മാസം പ്രസിദ്ധീകരിച്ച ക്ലിനിക്കല്‍ പരീക്ഷണ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
സ്മിത്തിന്റെ ചികിത്സ ഔദ്യോഗികമായി മെഡിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമല്ലെങ്കിലും നിലവില്‍ ഇതിനെ കുറിച്ച് ബ്രിസ്റ്റന്‍ സര്‍വകലാശാലയില്‍ പഠനം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ശ്വാസകോശ സംബന്ധമായ പ്രശ്‌നമുണ്ടായിരുന്ന സ്മിത്ത് രക്താര്‍ബുദത്തില്‍നിന്ന് മുക്തി നേടിയതിനു പിന്നാലെയാണ് 2020 മാര്‍ച്ചില്‍ കോവിഡ് ബാധിതനാകുന്നത്. ഇപ്പോഴും ശ്വസന സംബന്ധമായ പ്രശ്‌നം തന്നെ അലട്ടുന്നുണ്ടെന്നാണ് സ്മിത്ത് പറയുന്നത്.