ലോക്ക് ഡൗണിന് പിന്നാലെ രാജ്യത്ത് തൊഴില്‍ നഷ്ടമായത് 7.2 കോടി ജനങ്ങള്‍ക്ക്; തൊഴിലാളി ദിനത്തില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍
ന്യൂഡല്‍ഹി: കൊവിഡിനെ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 7.2 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായതായി പഠന റിപ്പോര്‍ട്ട്. സാര്‍വ്വദേശീയ തൊഴിലാളി ദിനത്തില്‍ ആശങ്ക സൃഷ്ടിക്കുന്ന കണക്കുകളാണ് രാജ്യത്ത് നിന്ന് പുറത്ത് വരുന്നത്.
മാര്‍ച്ച് 22 വരെ 42.6 ആയിരുന്നു രാജ്യത്തെ തൊഴില്‍ പങ്കാളിത്തം. ഇപ്പോഴത് 25.4 ശതമാനമായി കുറഞ്ഞുവെന്ന് സെന്റര്‍ ഫോര്‍ മോണിറ്റിങ് ഇന്ത്യന്‍ ഇക്കണോമിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് മൂന്നിന് ശേഷം വലിയ ഇളവ് പ്രഖ്യാപിക്കാന്‍ സാധ്യതയില്ലാത്തതിനെ തുടര്‍ന്ന് കാര്യങ്ങള്‍ ഉടന്‍ മെച്ചപ്പെടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലില്ലായ്മ 21നും 26 ശതമാനത്തിനും ഇടയിലായി. എട്ടര കോടി ആളുകള്‍ രാജ്യത്ത് ഇപ്പോള്‍ തൊഴില്‍ തേടി അലയുന്നു. കൊവിഡ് കേസുകള്‍ രണ്ടാഴ്ചക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഇടങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ തൊഴില്‍ ലഭ്യതയില്‍ നേരിയ മാറ്റമുണ്ടാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്. തൊഴില്‍ മേഖലയിലെ പുനരുജ്ജീവനത്തില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു.