സ്‌കൂള്‍ കായിക മേളയ്ക്കിടെ കാണാതായ ആറുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍
ജയ്പൂര്‍: രാജസ്ഥാനിലെ തോങ്ക് ജില്ലയില്‍ സ്‌കൂള്‍ കായിക മേളയ്ക്കിടെ കാണാതായ ആറുവയസ്സുകാരിയെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശനിയാഴ്ച സ്‌കൂളില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ഞായറാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. യൂണിഫോം ബെല്‍റ്റ് കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്.
പെണ്‍കുട്ടി താമസിക്കുന്ന ഖേദഡിയ്ക്കു സമീപം ഒരു കുറ്റിക്കാട്ടിയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്നു മദ്യക്കുപ്പികളും സ്നാക്സ്, രക്തക്കറ എന്നിവയും കണ്ടെത്തി. സ്‌കൂളില്‍ നടന്ന കായിക മത്സരത്തിനു ശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് പോലീസ് പറയുന്നു. ഉച്ചകഴിഞ്ഞ് മൂന്നു മണി കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.
സമീപത്തുള്ള വയലുകളിലും ബന്ധുവീടുകളിലും മണിക്കുറുകളോളം കുട്ടിക്കായി തെരച്ചില്‍ നടത്തി. ഞായറാഴ്ച രാവിലെയാണ് സ്‌കൂളില്‍ നിന്നു അരക്കിലോമീറ്റര്‍ അകലെ രക്തംപുരണ്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധര്‍ അടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് എസ്.പി ആദര്‍ശ് സിദ്ധു പറഞ്ഞു.