മുംബൈ: മുംബൈയില്‍ റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും പത്ര ഫോട്ടോഗ്രാഫര്‍മാരുമടക്കം 53 ഓളം മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരാന്‍ ഇടയുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
കൊവിഡ് സംശയത്തെ തുടര്‍ന്ന് 167 മാധ്യമപ്രവര്‍ത്തകരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ 53 പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വരെ ഡ്യൂട്ടി ചെയ്തിരുന്നതിനാല്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്ക് ക്വാറന്റീന്‍ നിര്‍ദേശം നല്‍കി.
അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു. 24 മണിക്കൂറിനിടെ 552 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4200 ആയി. 223 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.