കൊച്ചി: ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ 5 കോടി രൂപയുടെ രാസ ലഹരിമരുന്ന് കണ്ടെത്തി. കൊച്ചിയില്‍ മോഡലുകള്‍ അടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച ദിവസം ഹോട്ടലില്‍ 5 കോടി രൂപ വിലമതിക്കുന്ന രാസ ലഹരിമരുന്ന് ശേഖരിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നിശാപാര്‍ട്ടികള്‍ നടത്താനാണ് ലഹരിമരുന്ന് എത്തിച്ചത്.
ഒക്ടോബര്‍ അവസാനത്തോടെ ബംഗളൂരു സംഘമാണ് രാസലഹരി മരുന്ന് കൊച്ചിയിലേയ്ക്ക് എത്തിച്ചത്. മോഡലുകളുടെ മരിച്ച കേസിലെ മുഖ്യപ്രതിയായ സൈജു എം. തങ്കച്ചനുമായി ലഹരി ഇടപാടുകള്‍ നടത്തുന്ന സംഘമാണിത്. നമ്പര്‍ 18 ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനായ സൈജു തന്നെയാണ് രഹസ്യമായി ലഹരി മരുന്ന ഹോട്ടലിലേക്ക് എത്തിച്ചത് എന്നും പോലീസ് സംശയിക്കുന്നു.
സൈജുവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ലഹരിമരുന്ന് വിരുദ്ധ കുറ്റാന്വേഷണമായി കേസ് മാറിക്കഴിഞ്ഞു. അതേ സമയം മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നാം പ്രതിയായ ഹോട്ടലുടമ റോയ് ജോസഫിനെ വീണ്ടും ചോദ്യം ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റോയിയെ ഇന്‍സ്പെക്ടര്‍ എ.അനന്തലാലാണു ചോദ്യം ചെയ്തത്.
അതേസമയം പൂവാര്‍ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടിയെക്കുറിച്ചുള്ള അന്വേഷണത്തിന് എക്‌സൈസ് പ്രത്യേക സംഘം രൂപവത്കരിച്ചു. അസി. എക്‌സൈസ് കമ്മിഷണര്‍ എസ്.വിനോദ്കുമാറിനാണ് അന്വേഷണച്ചുമതല. .0301 ഗ്രാം എല്‍.എസ്.ഡി. സ്റ്റാമ്പ്, 3.33 ഗ്രാം എം.ഡി.എം.എ., 1.30 ഗ്രാം എം.ഡി.എം.എ. ഗുളിക, 1.466 ഗ്രാം എം.ഡി.എം.എ. പോളിത്തീന്‍ സ്ട്രിപ്പ്, 7.15 ഗ്രാം ഹാഷിഷ് ഓയില്‍, 25 ഗ്രാം കഞ്ചാവ് എന്നിവയാണ് പ്രതികളില്‍നിന്നും പിടിച്ചത്. ചെറിയ അളവിലാണ് സിന്തറ്റിക് മയക്കുമരുന്ന് കണ്ടെത്തിയതെങ്കിലും കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയായിരുന്നു.
പ്രതികളായ ആര്യനാട് തോളൂര്‍ ലക്ഷ്മി ഭവനില്‍ അക്ഷയ്‌മോഹന്‍(26), കടകംപള്ളി വില്ലേജില്‍ ശംഖുംമുഖം രാജീവ് നഗറില്‍ ഷാരോണ്‍ ഹൗസില്‍ പീറ്റര്‍ ഷാനോ ഡെന്നി (35), അയിരൂപ്പാറ ചന്തവിള ഷാഹിറുദീന്‍ മന്‍സിലില്‍ ആഷിര്‍ (31) എന്നിവരെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു. ലഹരിമരുന്നുകള്‍ കൈവശം വച്ചതിനും വില്‍പ്പന നടത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്. റിസോര്‍ട്ടില്‍ നിന്നും സ്ത്രീ അടക്കം 19 പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇവരുടെ മൊഴി രേഖപ്പെടുത്തി. ഇവരില്‍ ഭൂരിഭാഗവും ലഹരിക്ക് അടിപ്പെട്ട അവസ്ഥയിലായിരുന്നു. പിടികൂടിയ എക്‌സൈസ് സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് തിങ്കളാഴ്ച ഉച്ചയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്.