മുംബൈ: മഹാരാഷ്ട്രയില്‍ ദീപാവലി ആഘോഷത്തിനിടെ, സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസുകാരിക്ക് ദാരുണാന്ത്യം. മുന്‍സിപ്പല്‍ അധികൃതരുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്ന് വീട്ടുകാര്‍ ആരോപിച്ചു.
മുംബൈ കാശിമിറ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടികള്‍ പടക്കം പൊട്ടിക്കുന്നത് നാലുവയസുകാരി നോക്കിനില്‍ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പൊതു ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്കിലാണ് കുട്ടി വീണത്. ആസിഫ അന്‍സാരിയാണ് മരിച്ചത്.
കുട്ടി വീട്ടിലേക്ക് മടങ്ങിവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ തുടങ്ങി. പൊലീസിന് വിവരം നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സെപ്റ്റിക് ടാങ്കില്‍ കുട്ടി വീണ കാര്യം അറിയുന്നത്. കുട്ടിയുടെ മൃതദേഹം ഉടന്‍ തന്നെ പുറത്തെടുത്തു.
പടക്കം പൊട്ടിച്ചു കൊണ്ടിരുന്ന മറ്റു കുട്ടികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. പൊതു സ്ഥലത്ത് നിര്‍മ്മിച്ച ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്കിലാണ് കുട്ടി വീണത്. അടുത്തിടെയാണ് ശൗചാലയം പണിതത്. സെപ്റ്റിക് ടാങ്ക് മൂടി കൊണ്ട് സ്ഥാപിച്ചിരുന്ന സ്ലാബ് അടുത്തിടെ തകര്‍ന്നിരുന്നു. എന്നാല്‍ പുതിയത് സ്ഥാപിക്കാന്‍ മുന്‍സിപ്പല്‍ അധികൃതര്‍ തയ്യാറാവാതിരുന്നതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് കുടുംബക്കാര്‍ ആരോപിച്ചു.