കോഴിക്കോട്: മുക്കത്ത് കൊവിഡ് സ്ഥിരീകരിച്ചയാളുടെ മകനോടൊപ്പം ഫുട്‌ബോള്‍ കളിച്ച മുപ്പതോളം കുട്ടികള്‍ ക്വാറന്റൈനില്‍. മുക്കം നഗരസഭ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഞ്ചു പേരില്‍ ഒരാളുടെ മകനോടൊപ്പം ഫുട്‌ബോള്‍ കളിയില്‍ പങ്കാളികളായ മുപ്പതോളം കുട്ടികളാണ് ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടി വന്നത്.
പതിനാലു ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസം കഴിഞ്ഞാണ് സ്രവ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇയാള്‍ പതിനാലു ദിവസത്തിനു ശേഷം പ്രത്യേകിച്ച് ലക്ഷണമൊന്നും പ്രകടമാകാത്തതിനാല്‍ വീട്ടുകാരുമായി ഇടപഴകിയിരുന്നു.
കുട്ടികള്‍ പുറത്തു പോയി മറ്റു കുട്ടികളോടൊപ്പം കളിക്കുകയും ഇടപഴകുകയും ചെയ്തു. ഇതിനിടെയാണ് കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായത്. കുട്ടികള്‍ പലയിടങ്ങളിലും പോവുകയും ഇടപഴകുകയും ചെയ്തതും നാട്ടിലാകെ ആശങ്ക വരുത്തിയിരിക്കുകയാണ്.