തിരുവനന്തപുരത്ത് അച്ഛന്‍ ഓടിച്ച ജീപ്പില്‍ നിന്ന് തെറിച്ച് വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ജീപ്പിന് പിന്നില്‍ മകന്‍ കയറുന്നുണ്ടെന്ന് അറിയാതെ അച്ഛന്‍ മുന്നോട്ടെടുത്ത ജീപ്പില്‍ നിന്ന് തെറിച്ച് വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പാലോടിന് സമീപമാണ് സംഭവം. പേരയം കോട്ടവരമ്പ് സന്തോഷ് ഭവനില്‍ സന്തോഷ്-ശാരി ദമ്പതികളുടെ മകന്‍ വൈഭവാണ് മരിച്ചത്. ജീപ്പ് ഡ്രൈവറാണ് സന്തോഷ്. എന്നെത്തെയും പോലെ ഓട്ടം പോകാന്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് എടുക്കുമ്പോഴാണ് സംഭവം. അച്ഛന്‍ ജീപ്പില്‍ കയറാന്‍ പോയപ്പോള്‍ വൈഭവും പിന്നാലെ ചെന്നു. സന്തോഷ് ജീപ്പില്‍ കയറുമ്പോള്‍ കുട്ടി മടങ്ങി വരുന്നതാണ് പതിവ്.
എന്നാല്‍ ഇന്നലെ ജീപ്പില്‍ കയറിയ സന്തോഷ് മറ്റൊരാളുമായി സംസാരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ വൈഭവ് ജീപ്പിന്റെ പിറകില്‍ പിടിച്ച് കയറുന്നത് സന്തോഷ് അറിഞ്ഞില്ല. ജീപ്പ് മുന്നിലോട്ട് എടുത്തപ്പോള്‍ കുട്ടി തെറിച്ച് വീഴുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടാണ് സംഭവം അറിഞ്ഞത്. പരിക്കുകളോടെ ഉടന്‍ തന്നെ എസ് എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമീപത്തെ പോസ്റ്റില്‍ കുട്ടിയുടെ നെഞ്ചിടിച്ച് വീണതാവാം മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.