തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ക്രൂര കൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 28 പോക്‌സോ അതിവേഗ സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നും, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും, മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടികളാണ് അനുവദിക്കുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായായിരിക്കും പോക്‌സോ കോടതികള്‍ സ്ഥാപിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. കോടതികള്‍ ബാല സൗഹൃദമാക്കുന്നതിനും കുറ്റവാളികള്‍ക്ക് വേഗത്തില്‍ അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി നല്‍കുന്നതിനുമാണ് പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും പ്രവര്‍ത്തിക്കുന്ന അഡിഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതികളെ പോക്‌സോ കോടതിയായി ഡെസിഗ്‌നേറ്റ് ചെയ്തിട്ടുണ്ട്.