മുംബയ്: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ സി പി നേതാവുമായ ബാബ സിദ്ധിഖി ഒക്‌ടോബർ 12നാണ് വെടിയേറ്റ് മരിച്ചത്. കേസിലെ 18 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാബ സിദ്ധിഖിനെ കൊലപ്പെടുത്തുന്നതിന് 25 ലക്ഷം രൂപയും കാറും ഫ്ലാറ്റും ദുബായ് യാത്രയുമാണ് വാഗ്ദാനം ചെയ്തതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.
ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പ്രതികൾ വെളിപ്പെടുത്തിയത്. രാംഫുൽചന്ദ് കനോജിയ (43), രൂപേഷ് മൊഹോൾ (22), ശിവം കൊഹാദ് (20), കരൺ സാൽവെ (19), ഗൗരവ് അപുനെ (23) ഇവർക്കാണ് ദുബായ് യാത്രയും കാറും ഫ്ലാറ്റും 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്തത്. പഞ്ചാബിലെ ജലന്ധർ സ്വദേശിയായ അക്തർ പത്തോളം ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് കൊലപാതകത്തിന് മുൻപ് അറസ്റ്റിലായ പ്രതികൾക്ക് നാല് ലക്ഷം രൂപ അയച്ചിരുന്നതായും പൊലീസ് കണ്ടെത്തി
അതിനിടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്നലെ പൂനെ സ്വദേശികളായ രണ്ടുപേരെ മുംബയ് ക്രെെംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പൂനെയിലെ കാർവേ നഗർസ്വദേശികളായ ആദിത്യ രാജു ഗുലങ്കർ (22), റഫീഖ് നിയാസ് ഷെയ്ഖ് (22) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ പ്രവീൺ ലോങ്കർ, രൂപേഷ് മൊഹോൾ എന്നിവരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. തോക്ക് കെെകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചയാളാണ് ആദിത്യ രാജു ഗുലങ്കറെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം നടന്ന സമയം ദസറ ആഘോഷത്തിന്റെ ഭാഗമായി മകനും ബാന്ദ്രയിലെ സിറ്റിംഗ് എംഎല്‍എയുമായ സീഷിന്റെ ഓഫീസിന് പുറത്തുനിന്ന് പടക്കം പൊട്ടിക്കുകയായിരുന്നു സിദ്ധിഖി. ഇതിനിടെ മുഖം മറച്ച മൂന്നുപേർ ബൈക്കിലെത്തി സിദ്ധിഖിയുടെ നേർക്ക് തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. 9.9 എംഎം പിസ്റ്റളിൽ നിന്ന് മൂന്നുപ്രാവശ്യമാണ് അക്രമികൾ വെടിയുതിർത്തത്. ഇതിലൊന്ന് നെഞ്ചിൽ തളച്ചുകയറിയതിന് പിന്നാലെ സിദ്ധിഖി ബോധരഹിതനായി നിലത്തുവീണു. പിന്നാലെ മുംബയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.