മുംബൈ:2024ല്‍ നിരവധി പുതിയ സാമ്പത്തിക തട്ടിപ്പുകളാണ് രാജ്യം കണ്ടത്. 2024-25 ആദ്യ പകുതിയില്‍ ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണത്തില്‍ 27% വര്‍ദ്ധനവ് ഉണ്ടായതായി റിസര്‍വ് ബാങ്ക് പറയുന്നു. മാത്രമല്ല, ഇങ്ങനെ തട്ടിപ്പിലൂടെ നഷ്ടമായ മൊത്തം പണം ഏകദേശം എട്ട് മടങ്ങ് വര്‍ദ്ധിച്ച് 21367 കോടി രൂപയിലേക്കെത്തി. ബോധവല്‍ക്കരണം നടത്തിയിട്ടും ഇപ്പോഴും ഇത്തരം തട്ടിപ്പുകളില്‍ ആളുകള്‍ സ്ഥിരമായി വീഴുന്നുവെന്നതാണ് ദുഖകരമായവസ്തുത. ഈ വര്‍ഷം ഇന്ത്യയില്‍ കൂടുതലും കണ്ടുവരുന്ന സാമ്പത്തിക തട്ടിപ്പുകള്‍ ഇതാ;
ഡിജിറ്റല്‍ അറസ്റ്റ്
ഫോണ്‍ കോള്‍ അല്ലെങ്കില്‍ വീഡിയോ കോളുകള്‍ വഴി ഇരകളെ വിളിച്ച് ഭയപ്പെടുത്തി അവര്‍ അറസ്റ്റിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിയമപാലകരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ആയി വേഷമിട്ട് പണം തട്ടുന്നതാണ് ഇത്.
ഡീപ്‌ഫേക്ക്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗതിയോടെ, ഉണ്ടായ ഒരു തട്ടിപ്പ് രീതിയാണ് ഇത്. സമൂഹത്തിലെ പല ഉന്നത വ്യക്തികളുടെ പേരിലും ആള്‍മാറാട്ടം നടത്തി പണം തട്ടുന്ന രീതിയാണ് ഇത്. ഡീപ് ഫേക്ക് വീഡിയോകള്‍ യഥാര്‍ത്ഥ വീഡിയോയുമായി വളരെ അടുത്ത് നില്‍ക്കുന്നതിനാല്‍ ആളുകള്‍ പെട്ടന്ന് തെറ്റിദ്ധരിക്കപ്പെടും.
സിം ക്ലോഷര്‍
കെവൈസി പ്രശനങ്ങള്‍ കാരണം സിം കാര്‍ഡുകള്‍ ഉടന്‍ ഡിആക്ടിവേറ്റ് ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ സന്ദേശങ്ങളോ കോളുകളോ ചെയ്ത് പണം തട്ടുന്ന രീതിയാണ് ഇത്. ഇരകളില്‍ നിന്ന് ബാങ്ക് വിവരങ്ങളോ പണമോ ആവശ്യപ്പെടും
ക്യൂആര്‍ കോഡ്
വ്യാജ ക്യൂആര്‍ കോഡുകള്‍ നല്‍കി പണമോ വിവരമോ അടിച്ചെടുക്കുന്ന രീതിയാണ് ഇത്. മാത്രമല്ല ഇതുവഴി വ്യാജ വെബ്സൈറ്റുകളിലേക്ക് റീഡയറക്ടുചെയ്യാനോ സ്‌കാനിംഗില്‍ അനധികൃത ഇടപാടുകള്‍ നടത്താനോ ഇതിലൂടെ കഴിയും.