സേലം:പോലീസുകാർ വാങ്ങുന്ന കൈക്കൂലി കണക്ക് പുറത്തുവിട്ട് സേലം എസ്പി ശ്രീഅഭിനവ് ഐപിഎസ്. സേലം ജില്ലയിൽ പോലീസുകാർ കൈക്കൂലി വാങ്ങുന്ന പരാതി വ്യാപകമായതോടെ ഇതിനു തടയിടാനാണ് കൈക്കൂലി പട്ടിക പ്രത്യേക സർക്കുലറാക്കി എസ്പി പുറത്തുവിട്ടത്. വിവിധ ആവശ്യങ്ങൾക്ക് പോലീസുകാർ ഈടാക്കുന്ന കൈക്കൂലിയുടെ തരംതിരിച്ച കണക്കുകളാണ് പട്ടികയിലുള്ളത്. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ എഎസ്പിമാർക്ക് നിർദേശവും നൽകി.
പരിശോധന വ്യാപകമാക്കി കൈക്കൂലിക്കാരായ പോലീസുകാർക്കതിരേ ശക്തമായ നടപടി സ്വീകരിച്ച് അഴിമതി രഹിത ഭരണനിർവഹണം ഉറപ്പുവരുത്തണമെന്നും എസ്പി സർക്കുലറിൽ നിർദേശം നൽകിയിട്ടുണ്ട്.ഒക്ടോബർ ആറിനാണ് ഇത്തരമൊരു സർക്കുലർ എസ്പി പുറത്തുവിട്ടത്. കൈക്കൂലി പട്ടിക സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. തന്റെ കീഴുദ്യോഗസ്ഥരുടെ കൈക്കൂലിയോടുള്ള ആർത്തിയിൽ മനസ്സ് മടുത്താണ് പോലീസ് സേനയിലെ വിവിധ തസ്തികയിലുള്ളവർ ഓരോ കുറ്റങ്ങൾക്കും വേർതിരിച്ച് കൈപ്പറ്റുന്ന കൈക്കൂലിയുടെ പട്ടിക അദ്ദേഹം പുറത്ത് വിട്ടത്.
കള്ളലോട്ടറി ഇടപാടുകാർക്ക് സുഗമമായി ജനങ്ങളെ പറ്റിക്കാൻ എസ്.ഐക്ക് നൽകേണ്ടത് 3000 രൂപ മുതൽ 5000 രൂപ വരെയാണ്. സർക്കിൾ ഇൻസ്പെക്ടർക്ക് നൽകേണ്ടത് ഒരു ലക്ഷം രൂപ ! വ്യാജ ലോട്ടറി വിൽക്കണമെങ്കിൽ സ്റ്റേഷനിലെ റൈറ്റർക്ക് നൽകേണ്ടത് ആയിരം രൂപയാണ്. കള്ളക്കടത്ത് കേസുകളിൽ കൈപ്പറ്റുന്നത് 20,000 രൂപ. മയക്കുമരുന്ന് വിൽപ്പന, ഗുണ്ടായിസം, നിയമവിരുദ്ധമായ ചീട്ടുകളി, മസാജ് പാർലറുകളുടെ നടത്തിപ്പ് തുടങ്ങി ഏത് തരം കുറ്റകൃത്യങ്ങൾക്കും കൈക്കൂലി കൃത്യമായി എത്തിയാൽ ഏമാൻമാരുടെ മൗനാനുവാദമുണ്ടാകും.
പാസ്പോർട്ട് വെരിഫിക്കേഷൻ, ഡ്രൈവിങ് ലൈസൻസ്, ജാമ്യം തരപ്പെടുത്തിക്കൊടുക്കൽ, എഫ്.ഐ.ആർ കോപ്പി, മണൽ മാഫിയ തുടങ്ങി ചെറുതും വലുതുമായ എല്ലാ കാര്യങ്ങൾക്കും കൈക്കൂലി നിർബന്ധമാണ്. വാഹനങ്ങൾ പരിശോധിക്കാനിറങ്ങുമ്പോൾ പെട്രോൾ അടിക്കാനുള്ള തുകയായ നൂറ് രൂപ മുതൽ കൊടും കുറ്റങ്ങളിലെ ഒത്തുതീർപ്പിന് ലക്ഷങ്ങൾ വരെ കൈക്കൂലിയായി വാങ്ങും. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വ്യാപക പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയിരുന്നു.
അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് എസ്.പിയുടെ താക്കീതുമുണ്ട്. സേനയ്ക്കുള്ളിലെ അഴിമതിക്കാരെ കണ്ടാത്താനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ഇനിയും കൈക്കൂലി വാങ്ങി ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമിച്ചാൽ ഇത്തരം ഉദ്യോഗസ്ഥരുടെ പേരു സഹിതം പുറത്ത് വിടുമെന്നാണ് സേലം എസ്.പിയുടെ മുന്നറിയിപ്പ്. ഹൈദരാബാദ് സ്വദേശിയായ സേലം എസ്പിക്ക് ചുമതലയേറ്റപ്പോൾ മുതൽ കൈക്കൂലി സംഭന്ധിച്ച പരാതികൾ കിട്ടിയെങ്കിലും അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. ഇതോടെയാണ് രഹസ്യ സംഘത്തെ ഇതിനായി നിയോഗിച്ചത്.