InternationalNews

2023 ലോകചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ വര്‍ഷമാകും; ആഗോള താപനില ഉയര്‍ന്നെന്ന് യൂറോപ്യന്‍ യൂണിൻ കാലാവസ്ഥാ കേന്ദ്രം

ന്യൂയോര്‍ക്ക്‌:ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ വര്‍ഷമായി 2023 മാറുമെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥ വ്യതിയാന കേന്ദ്രം അറിയിച്ചു. ഈ വര്‍ഷത്തെ ആഗോള ശരാരി താപനില, ശരാരിയേക്കാള്‍ 0.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആഗോള താപനില വ്യവസായത്തിന് മുമ്പുള്ള ശരാശരിയേക്കാള്‍ (1850-1900) 1.4 സെല്‍ഷ്യസ് കൂടുതലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

1991-2020 വരെയുള്ള സെപ്റ്റംബറില്‍നിന്ന് വ്യത്യസ്തമായി ശരാശരി 0.93 സെല്‍ഷ്യസിനേക്കാള്‍ ഉയര്‍ന്ന താപനിലയാണ് ലോകമെമ്പാടും കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. ഇആര്‍എ5 ഡേറ്റാസെറ്റിലെ 1940 മുതലുള്ള ഏത് വര്‍ഷത്തേക്കാളും ഏറ്റവും അസാധാരണമായ ചൂട് മാസമായിരുന്നു കഴിഞ്ഞ മാസം.

കിഴക്കന്‍, മധ്യ പസഫിക് സമുദ്രത്തിന്റെ ഉപരിതലത്തെ ചൂടാക്കുന്ന എല്‍നിനോ കാലാവസ്ഥാ പാറ്റേണും കാലാവസ്ഥാ വ്യതിയാനവും കൂടിച്ചേര്‍ന്നപ്പോള്‍ സമീപകാല റെക്കോര്‍ഡിലേക്ക് താപനില മാറാന്‍ കാരണമായെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

”റെക്കോര്‍ഡ് വേനലിനെത്തുടര്‍ന്നുണ്ടായ സെപ്റ്റംബറിലെ അഭൂതപൂര്‍വമായ താപനില അസാധാരണമായ അളവില്‍ റെക്കോര്‍ഡ് തകര്‍ത്തു. ഈ മാസം, 2023നെ ഏറ്റവും ചൂടേറിയ വര്‍ഷവും വ്യാവസായികത്തിന് മുമ്പുള്ള ശരാശരി താപനിലയേക്കാള്‍ ഏകദേശം 1.4 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന ചൂടുമെന്നുള്ള ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു,”കോപ്പര്‍നിക്കസ് കാലാവസ്ഥാ കേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായ സമന്ത ബര്‍ഗസ് പ്രസ്താവനയില്‍ പറഞ്ഞു.

സെപ്റ്റംബറില്‍ സമുദ്രോപരിതല താപനില 60 ഡിഗ്രി ദക്ഷിണധ്രുവം മുതല്‍ 60 ഡിഗ്രി ഉത്തരധ്രുവം വരെ 20.92 സെല്‍ഷ്യസ് ആയിരുന്നു. ഇത് സെപ്റ്റംബറിലെ ഏറ്റവും കൂടിയതും വര്‍ഷത്തിലെ രണ്ടാമത്തെയും റെക്കോര്‍ഡാണ്. ഇതിന് മുമ്പ് ഓഗസ്റ്റിലായിരുന്നു സമുദ്രോപരിതല താപനില ഉയര്‍ന്നതെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു.

ഉപഗ്രഹങ്ങള്‍, കപ്പലുകള്‍, വിമാനം, കാലാവസ്ഥാ സാഹചര്യങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള കോടിക്കണക്കിന് അളവുകളെ മുന്‍നിര്‍ത്തിയാണ് കോപ്പര്‍നിക്കസ് കേന്ദ്രം വിശകലനം നടത്തിയിരിക്കുന്നത്. വ്യവസായത്തിന് മുമ്പുള്ള വര്‍ഷത്തേക്കാള്‍ 1.2 സെല്‍ഷ്യസ് കൂടുതലായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ചൂട് റെക്കോര്‍ഡ് ചൂടായിരുന്നില്ല. 2016ലും 2020ലും 1.25 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നതാണ് ഇതിന് മുമ്പുള്ള റെക്കോര്‍ഡ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker