ഹൈദരാബാദ്: ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വായ്പ ആപ്പ് ഏജന്റുമാർ ബന്ധുക്കൾക്കും ബന്ധുക്കൾക്കും അയച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിശാഖപട്ടണം സ്വദേശി നരേന്ദ്രയാണ്(25) ആത്മഹത്യ ചെയ്തത്. മത്സ്യത്തൊഴിലാളിയായിരുന്നു ഇയാൾ.
കുറച്ചുദിവസമായി കാലാവസ്ഥ മോശമായതിനാൽ ജോലിക്ക് പോയിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വായ്പ ആപ്പിൽ നിന്ന് 2,000 രൂപ കടം എടുത്തു. ആഴ്ചകൾക്കുശേഷം, വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആപ് ഏജന്റുമാർ ഭീഷണി തുടങ്ങി. ഭാര്യ അഖിലയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഇവർ നരേന്ദ്രയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്ക്കുകയും ചെയ്തു.
വായ്പ തിരിച്ചടയ്ക്കാമെന്നു ദമ്പതികൾ അറിയിച്ചെങ്കിലും ഭീഷണി തുടർന്നു. ഭീമമായ പലിശ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. മോർഫ് ചെയ്ത ചിത്രങ്ങളെക്കുറിച്ച് പരിചയക്കാരും ബന്ധുക്കളും മറ്റും ചോദിച്ചതോടെ ദമ്പതികൾ മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് വിവരം. ഇതോടെയാണ് ഇദ്ദേഹം ജീവനൊടുക്കാൻ തീരുമാനിച്ചത്.
ആന്ധ്രാപ്രദേശിൽ ഒരാഴ്ചക്കിടെ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നന്ദ്യാൽ ജില്ലയിൽ ഒരു യുവതി ലോൺ ആപ്പ് ഏജന്റുമാരുടെ പീഡനം മൂലം ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു. ലോൺ ആപ്പുകളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്ന് ആന്ധ്രാപ്രദേശ് ആഭ്യന്തരമന്ത്രി അനിത നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.