ഇന്ത്യയില്‍ 50 വര്‍ഷത്തിനിടെ ഉണ്ടായത് 117 ചുഴലിക്കാറ്റ്; പൊലിഞ്ഞത് 40,000 ജീവനുകള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 1970 മുതല്‍ 2019 വരെയുള്ള 50 വര്‍ഷത്തിനിടെ ഉണ്ടായത് 117 ചുഴലിക്കാറ്റ്. 40,000 പേര്‍ക്കാണു ചുഴലിക്കാറ്റിനെ തുടര്‍ന്നു ജീവഹാനി ഉണ്ടായതെന്ന് തീവ്ര കാലാവസ്ഥയെക്കുറിച്ചുള്ള പഠനത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി പഠനത്തില്‍ വ്യക്തമാകുന്നു.
അമ്പതു വര്‍ഷത്തിനിടെ 7063 തീവ്ര കാലാവസ്ഥാ ദുരന്തങ്ങളാണ് രാജ്യത്തുണ്ടായത്. 1,41,308 പേര്‍ മരിച്ചു. ഇതില്‍ 40,358 പേര്‍(28 ശതമാനം) ചുഴലിക്കാറ്റ് മൂലമാണു മരിച്ചത്. 65,130 പേര്‍ക്കു പ്രളയത്തില്‍ ജീവന്‍ നഷ്ടമായി. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവന്‍, ശാസ്ത്രജ്ഞരായ കമല്‍ജിത് റേ, എസ്.എസ്. റേ, ആര്‍.കെ. ഗിരി, എ.പി. ഡിമ്രി എന്നിവരാണു റിസര്‍ച്ച് പേപ്പര്‍ തയാറാക്കിയത്.
ഈ മാസംതന്നെ രണ്ടു ചുഴലിക്കാറ്റുകളാണു രാജ്യത്തിന്റെ പടിഞ്ഞാറും കിഴക്കുമുണ്ടായത്. പടിഞ്ഞാറന്‍ ഭാഗത്തുണ്ടായ ടൗട്ടേ ചുഴലിക്കാറ്റില്‍ അമ്പതോളം പേര്‍ മരിച്ചു. കോടികളുടെ നാശനഷ്ടമുണ്ടായി. കിഴക്കന്‍ മേഖലയിലുണ്ടായ യാസ് ചുഴലിക്കാറ്റില്‍ മരണം കുറവാണെങ്കിലും വ്യാപക നാശമുണ്ടായി.
1971ല്‍ ബംഗാളില്‍ ഉള്‍ക്കടലില്‍ ആറാഴ്ചയ്ക്കിടെ നാലു ചുഴലിക്കാറ്റുകള്‍ രൂപമെടുത്തു. സെപ്റ്റംബര്‍ അവസാനത്തിനും നവംബര്‍ ആദ്യ വാരത്തിനും ഇടയിലായിരുന്നു ചുഴലിക്കാറ്റുകള്‍ രൂപമെടുത്തത്. 1971 ഒക്ടോബര്‍ 30ന് ഒഡീഷ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ 10,000 പേരാണു മരിച്ചത്. പത്തുലക്ഷത്തിലധികം പേര്‍ ഭവനരഹിതരായി.
ബംഗാള്‍ ഉള്‍ക്കടലില്‍ 1977 നവംബര്‍ ഒമ്പതിനും 20നും ഇടയില്‍ രണ്ടു ചുഴലിക്കാറ്റുകള്‍ ഉണ്ടായി. ചിരാല ചുഴലിക്കാറ്റ് എന്നു പേരുള്ള രണ്ടാമത്തേതായിരുന്നു നാശം വിതച്ചത്. 10,000 പേരാണ് അന്നു മരിച്ചത്. കോടികളുടെ കൃഷി നാശമുണ്ടായി. ആയിരക്കണക്കിനു വീടുകള്‍ തകര്‍ന്നു.
1970-1980 കാലത്ത് മാത്രം ചുഴലിക്കാറ്റ് ദുരന്തത്തില്‍ ഇരുപതിനായിരത്തിലധികം പേരാണു മരിച്ചത്. 2010-2019 കാലത്ത് മരണനിരക്കില്‍ 88 ശതമാനം കുറവുണ്ടായി. കാലാവസ്ഥാ പ്രവചനം കാര്യക്ഷമമായതോടെയാണു ചുഴലിക്കാറ്റ് മൂലമുള്ള മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുജ്ഞജയ് മഹാപാത്ര പറഞ്ഞു. മുന്പ് വന്‍ ചുഴലിക്കാറ്റുമൂലം മരണം സംഭവിക്കുമായിരുന്നു. ഇപ്പോള്‍ മരങ്ങള്‍ കടപുഴകിയും വീടു തകര്‍ന്നുമാണ് മരണമുണ്ടാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.