കാസര്‍കോട്: കാസര്‍കോട് ബളാലിലെ പതിനാറുകാരി ആന്‍ മരിയയുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ സഹോദരന്‍ ആല്‍ബിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഓഗസ്റ്റ് അഞ്ചിനാണ് ഐസ്‌ക്രീമില്‍നിന്നും വിഷബാധയേറ്റു ആന്‍മരിയ മരിച്ചത്.
മാതാപിതാക്കളെയടക്കം കൊല്ലാനായിരുന്നു ആല്‍ബിന്‍ പദ്ധതിയിട്ടതെന്നാണ് സൂചന. രഹസ്യ ബന്ധങ്ങള്‍ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിന് പ്രധാന കാരണമെന്നാണ് പോലീസ് പറയുന്നത്. ആല്‍ബിനും ആന്‍മരിയയും ചേര്‍ന്നാണ് ഐസ്‌ക്രീം ഉണ്ടാക്കിയത്. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം കഴിച്ച ശേഷം ആന്‍മരിയയ്ക്ക് ഛര്‍ദിയും വയറിളക്കവും ബാധിച്ചിരുന്നു.
ഇതേത്തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ആരോഗ്യനില ഗുരുതരമാവുകയുമായിരുന്നു. കുട്ടി മരിച്ചതിനു പിന്നാലെ പിതാവ് ബെന്നിയെ (48) ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ബെന്നി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടയില്‍ ഭാര്യ ബെസിയും മകന്‍ ആല്‍ബിനും രോഗലക്ഷണങ്ങള്‍ പ്രകടമാവുകയും ഇവരെ കണ്ണൂര്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ബെസിയും ആല്‍ബിനും ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായി വീട്ടിലെത്തിയിരുന്നു.