ന്യൂഡല്‍ഹി: രാജ്യത്ത് കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍. ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നി സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധന മാത്രമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കൊവിഡുമായി ബന്ധപ്പെട്ട് മാര്‍ച്ച് 9 വരെയുളള കണക്കുകള്‍ വിശകലനം ചെയ്തുളള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരെ അടിസ്ഥാനമാക്കിയാണ് കണക്ക്. രോഗമുക്തി നേടിയവരുടെയും കൊവിഡ് ബാധിച്ച് മരിച്ചവരുടെയും ഡേറ്റ വിശകലനത്തിന് പരിഗണിച്ചിട്ടില്ല.
ബീഹാര്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, കേരളം, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഉത്തരാഖണ്ഡ്, മേഘാലയ, പുതുച്ചേരി, മിസോറാം, ദാദ്ര ആന്റ് നഗര്‍ ഹവേലി, ലഡാക്ക് എന്നിവിടങ്ങളിലാണ് കൊവിഡ് കേസുകള്‍ കുറയുന്നത്. ഏറ്റവുമധികം കൊറോണ ബാധിതര്‍ ഉളള സംസ്ഥാനങ്ങളില്‍ മുന്‍നിരയില്‍ ഉളള മധ്യപ്രദേശില്‍ മെയ് നാലുമുതല്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
മെയ് നാലിന് 1979 പേരാണ് ചികിത്സ തേടി മധ്യപ്രദേശിലെ വിവിധ ആശുപത്രികളില്‍ കഴിഞ്ഞിരുന്നത്. മെയ് ഒന്‍പതിന് ഇത് 1761 ആയി കുറഞ്ഞു. മറ്റൊരു പ്രമുഖ സംസ്ഥാനമായ രാജസ്ഥാനിലും മെയ് എട്ടിന് ശേഷം കോവിഡ് കേസുകള്‍ കുറയുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം 14 സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ത്രിപുര, തമിഴ്നാട്, അസം, ഛണ്ഡീഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിലാണ് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത്. മെയ് നാലിന് ശേഷം ഉത്തര്‍പ്രദേശില്‍ കോവിഡ് കേസുകളില്‍ ചെറിയ കുറവ് സംഭവിച്ചെങ്കിലും മെയ് ഒന്‍പതിന് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നതാണ് ദൃശ്യമായത്.