വൈദ്യുതി നിലച്ചപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു; വിഷവാതകം ശ്വസിച്ച് ജോര്‍ജിയയില്‍ 11 ഇന്ത്യക്കാര്‍ മരിച്ചു
ന്യൂഡല്‍ഹി: ജോര്‍ജിയയിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് പതിനൊന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ മരിച്ചു. ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടായ ഗുഡൗരിയിലാണ് സംഭവം.ഗുഡൗരിയിലെ മൗണ്ടന്‍ റിസോര്‍ട്ടിലെ ജീവനക്കാരാണ് മരിച്ചതെന്ന് തബ്ലിസിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കൊലപാതകമാണോയെന്നതടക്കം അന്വേഷണ പരിധിയിലുണ്ടെന്നും ജോര്‍ജിയ പൊലീസ് അറിയിച്ചു
വൈദ്യുതി ബന്ധം നിലച്ചപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയും അതില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചാണ് രണ്ടാംനിലയിലെ കിടപ്പുമുറികളില്‍ കിടന്ന ഇന്ത്യന്‍ റസ്റ്ററന്റിലെ ജീവനക്കാര്‍ മരിച്ചതെന്നുമാണ് ജോര്‍ജിയന്‍ സര്‍ക്കാര്‍ പറയുന്നത്. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ചവര്‍ ഏത് സംസ്ഥാനങ്ങളില്‍ നിന്നുളളവരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായി നടപടികള്‍ സ്വീകരിക്കുന്നതായും ഇന്ത്യന്‍ എംബസി അറിയിച്ചു. ‘ജോര്‍ജിയയിലെ ഗുഡൗറിയില്‍ പതിനൊന്ന് ഇന്ത്യക്കാരുടെ മരണത്തില്‍ അറിഞ്ഞതില്‍ തബ്ലിസിയിലെ ഇന്ത്യന്‍ എംബസി ദുഃഖിതരാണ്, അവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു.
മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് വേഗത്തില്‍ എത്തിക്കുന്നതിന് ആവശ്യമായി നടപടികള്‍ എംബസി അധികാരികളുമായി ആലോചിക്കുന്നു. ദുഃഖിതരായ കുടുംബങ്ങളുമായി ഞങ്ങള്‍ ബന്ധപ്പെടുന്നുണ്ട്, സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണ്’ തബ്ലിസിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു