‘മനോരമയ്ക്ക് കുരുപൊട്ടി’; വാര്‍ത്തയ്ക്കെതിരെ അലി അക്ബര്‍
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. ‘മമ ധര്‍മ്മ’ ജനകീയ കൂട്ടായ്മ നിര്‍മ്മിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പ്രേക്ഷകരില്‍ നിന്നും പിരിച്ച തുകയ്ക്കാണ്. ഏകദേശം 70 ലക്ഷം രൂപ മുടക്കിയാണ് ചിത്രമെടുത്തതെന്ന് അലി അക്ബർ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, ചിത്രത്തിന് ഇത്രയും തുക ചിലവഴിച്ചതായി കാണുന്നില്ലെന്ന തരത്തിലുള്ള വാർത്ത റിപ്പോർട്ട് ചെയ്ത മനോരമയ്ക്കെതിരെ വിമർശനവുമായി സംവിധായകൻ രംഗത്ത്. ‘മനോരമയ്ക്കും കുരുപൊട്ടി’ എന്നാണ് വാര്‍ത്ത പങ്കുവെച്ച് അലി അക്ബര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ അലി അക്ബറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു പ്രേക്ഷകന്‍ സിനിമ സീരിയല്‍ പോലെ ആവരുത് എന്ന് അലി അക്ബറിനോട് കമന്റിലൂടെ പറഞ്ഞിരുന്നു. അലി അക്ബറിന്റെ തന്നെ സീനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രം തീരെ ക്വാളിറ്റിയില്ലാത്ത സീരിയല്‍ പോലെയായിരുന്നു. അത് പോലെ ഈ ചിത്രം ആവരുതെന്ന ഒരു പ്രേക്ഷകന്റെ കമന്റിന് അദ്ദേഹം മറുപടിയും നൽകി.
ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2010ല്‍ റിലീസ് ചെയ്ത സീനിയര്‍ മാന്‍ഡ്രേക്ക്. എന്നാല്‍ സീനിയര്‍ മാന്‍ഡ്രേക്കിന് ക്വാളിറ്റി കുറയാന്‍ കാരണം തനിക്ക് അതില്‍ വലിയ റോള്‍ ഇല്ലാത്തതിനാലായിരുന്നു എന്നാണ് അലി അക്ബര്‍ മറുപടി കൊടുത്തത്.