നാഗചൈതന്യയുടെ പേരിൽ മൂന്നെണ്ണം; ഒരിക്കലും ടാറ്റൂ ചെയ്യരുതെന്ന് സാമന്ത
ഹൈദരാബാദ്:ആരും ഒരിക്കലും ടാറ്റൂ ചെയ്യരുതെന്ന് ആരാധകാരോട് തെന്നിന്ത്യൻ താരം സാമന്ത. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വന്ന ഒരു ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. താൻ സ്വയം ഉപദേശിക്കുന്ന കാര്യവും ഇതു തന്നെയാണെന്നും വീഡിയോയിലൂടെ പറയുന്നു.ഒരു ദിവസം പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ടാറ്റൂ സ്റ്റൈൽ എന്തൊക്കെയാണ് എന്നായിരുന്നു ഒരു ആരാധകൻ ചോദിച്ചത്. ഒരിക്കലും ടാറ്റൂ ചെയ്യരുത്, അത് തന്നെയാണ് ഞാൻ എന്നോടും പറയുന്നത്, ഒരിക്കലും ടാറ്റൂ ചെയ്യരുത് എന്നായിരുന്നു മറുപടി. മുൻപ് സാമന്ത തന്റെ മുൻഭർത്താവ് നാഗചൈതന്യയുടെ പേരിൽ ചെയ്ത ടാറ്റൂ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മൂന്ന് ടാറ്റൂകളാണ് സാമന്ത ചെയ്തത്.മുൻ ഭർത്താവ് നാഗചൈതന്യയ്ക്കൊപ്പം ആദ്യമായി അഭിനയിച്ച ‘യേ മായ ചെസാവേ’ എന്ന സിനിമയുടെ ഓർമ്മയ്ക്കായി കഴുത്തിന് പിന്നിലായി ഇംഗ്ളീഷ് അക്ഷരങ്ങളായ ‘വൈ എം സി’ എന്ന് താരം പച്ചകുത്തിയിട്ടുണ്ട്. ‘യേ മായ ചെസാവേ’യുടെ ചിത്രീകരണ വേളയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. രണ്ടാമത്തെ ടാറ്റൂ നാഗചൈതന്യയുടെ വിളിപ്പേരായ ചായ് എന്നാണ് പച്ചക്കുത്തിയിരിക്കുന്നത്. വാരിയെല്ലിനോട് ചേർന്നാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ചിരുന്നു. സാമന്തയും നാഗചൈതന്യയും ഒരുപോലെ ചെയ്ത കപ്പിൾ ടാറ്റൂവാണ് മറ്റൊന്ന്. ഏറെനാളത്തെ പ്രണയത്തിന് ശേഷം 2017ൽ വിവാഹിതരായ ഇരുവരും 2021ലായിരുന്നു വേർപിരിഞ്ഞത്.