ഓട്ടോയിൽ സെറ്റിലേക്ക് വന്ന അമല; പിന്നീട് ആഡംബര കാർ വാങ്ങിയ താരറാണി; നടിയുടെ തുടക്കകാലം
കൊച്ചി:കാത്തിരിപ്പിനൊടുവിൽ അമല പോൾ വിവാഹിതയായിരിക്കുകയാണ്. ജഗത് ദേശായിയെയാണ് അമല വിവാഹം ചെയ്തത്. വിവാഹചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് അമലയുടെ ജീവിതത്തിലെ പുതിയ ഘട്ടത്തിന് ആശംസകൾ അറിയിക്കുന്നത്. ജഗത് ദേശായിയെക്കുറിച്ച് സിനിമാ ലോകത്തിന് അധികം അറിവില്ല. ഒരു പാർട്ടിക്കിടെയാണ് ഇരുവരും അടുത്തതെന്നാണ് സൂചന. ജഗത് ദേശായിയെക്കുറിച്ച് ഇതുവരെയും അമല പൊതുവിടങ്ങളിലൊന്നും സംസാരിച്ചിട്ടില്ല.
ഇടവേളയ്ക്ക് ശേഷം അമല സിനിമാ രംഗത്ത് സജീവമായിക്കൊണ്ടിരിക്കെയാണ് വിവാഹം. സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് അമല പോളിന്റെ കരിയറിലെ വളർച്ച കണ്ടത്. മൈന എന്ന തമിഴ് സിനിമയാണ് കരിയറിൽ വഴിത്തിരിവാകുന്നത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി ഹിറ്റ് സിനിമകൾ ലഭിച്ചത് അമലയെ തുണച്ചു. മലയാളത്തിൽ ചെയ്ത റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയ കഥ തുടങ്ങിയ സിനിമകൾ വലിയ ഹിറ്റായി. അതേസമയം കരിയറിൽ അമലയുടെ തുടക്കം അത്ര എളുപ്പമായിരുന്നില്ല.
നീലത്താമരയുൾപ്പെടെയുള്ള സിനിമകളിൽ ചെറിയ വേഷത്തിലാണ് അമല അഭിനയിച്ചത്. അമല പോളിനെക്കുറിച്ച് അടുത്തിടെ തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തീർത്തും സാധാരണക്കാരായിരുന്ന അമല പിന്നീട് താരമായി മാറുകയായിരുന്നെന്ന് ഇദ്ദേഹം അന്ന് വ്യക്തമാക്കി. വീരശേഖരൻ എന്ന സിനിമയിലാണ് തമിഴിൽ അമല ആദ്യമായി അഭിനയിച്ചതെന്ന് ഇദ്ദേഹം പറയുന്നു.
എവിഎമ്മിൽ ആ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയായിരുന്നു. നായികയെ കാത്തിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള നടിയാണെന്ന് പറഞ്ഞു. ഫ്ലെെറ്റ് വൈകിയത് മൂലമായിരിക്കും നടി എത്താത്തതെന്നാണ് കരുതിയത്. നോക്കുമ്പോൾ ഒരു ഓട്ടോ സെറ്റിലേക്ക് വന്നു. അമല പോളും അവരുടെ അമ്മയും ഇറങ്ങി. കോയമ്പത്തൂരിൽ നിന്നും ബസിന് വന്നതാണ് അവർ.
ദളപതി വിജയുടെ കൂടെ വരെ അഭിനയിച്ച നായിക നടിയുടെ തുടക്കം ഓട്ടോയിലാണ്. ഈ പെൺകുട്ടിയുടെ കണ്ണ് ഗംഭീരമാണെന്ന് അന്ന് ഞാൻ പിആർഒയോട് പറഞ്ഞിരുന്നെന്നും ചെയ്യാറു ബാലു ഓർത്തു. പിന്നീട് ഹിറ്റ് അമല പോളിന് സിനിമകൾ ലഭിച്ചു. ഓട്ടോയിൽ വന്ന പെൺകുട്ടി പിന്നീട് വിലകൂടിയ കാർ വാങ്ങുന്ന തലത്തിലേക്ക് വളർന്നെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. അതേസമയം വീരശേഖരൻ ആണ് തന്റെ ആദ്യ തമിഴ് സിനിമയെന്ന് അമല പോൾ ഇപ്പോൾ എവിടെയും പറയാറില്ലെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.
ഒരു ഘട്ടത്തിൽ തെന്നിന്ത്യൻ സിനിമാ രംഗത്തെ ഏറ്റവും വിലപിടിപ്പുള്ള നായികയായിരുന്നു അമല പോൾ. ഇന്നും നടിക്ക് താരമൂല്യമുണ്ടെങ്കിലും ആദ്യ വിവാഹവും വിവാഹമോചനവും പിന്നീടുണ്ടായ വിവാദങ്ങളും ഒരു പരിധി വരെ അമലയുടെ കരിയറിനെ ബാധിച്ചിട്ടുണ്ട്. സംവിധായകൻ എഎൽ വിജയ്നെയാണ് അമല വിവാഹം ചെയ്തത്. 2014 ൽ വിവാഹിതരായ ഇരുവരും 2017 ൽ വേർപിരിഞ്ഞു.
ടീച്ചർ, ക്രിസ്റ്റഫർ എന്നിവയാണ് അമലയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. രണ്ട് സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ആടുജീവിതമാണ് നടിയുടെ വരാനിരിക്കുന്ന സിനിമ. പൃഥിരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസിയാണ്. വിവാഹശേഷവും അമല പോൾ അഭിനയ രംഗത്ത് തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അമലയുടെ വിവാഹ ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.