FootballNewsSports

അമ്പരപ്പിച്ച് എംബാപ്പെ; ഇരട്ട ഗോളില്‍ ഫ്രാന്‍സ് ഒപ്പത്തിനൊപ്പം

ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനക്കെതിരെ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളില്‍ 2-2ന് ഒപ്പമെത്തി ഫ്രാന്‍സ്. രണ്ടാംപകുതിയുടെ അവസാന മിനുറ്റുകളിലാണ് എംബാപ്പെ അത്ഭുതമായത്. 

തുടക്കം അര്‍ജന്‍റൈന്‍ ആക്രമണത്തോടെ

ലുസൈലില്‍ 4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയെര്‍ ദെഷാം ഫ്രഞ്ച് ടീമിനെ കളത്തിലിറക്കിയത്. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നല്‍ നല്‍കി 4-4-2 ശൈലിയിലായിരുന്നു അര്‍ജന്‍റീന പരിശീലകന്‍ ലിയോണല്‍ സ്കലോണിയുടെ ഇലവന്‍. മെസി-എംബാപ്പെ പോരാട്ടമെന്ന നിലയില്‍ മത്സരത്തിന് മുമ്പേ ചര്‍ച്ചയായ ഫൈനല്‍ കിക്കോഫായി ആദ്യ മിനുറ്റുകളില്‍ തന്നെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ആവേശം പടര്‍ത്തി. മൂന്നാം മിനുറ്റില്‍ അര്‍ജന്‍റീന ആദ്യ മുന്നേറ്റം നടത്തി. അഞ്ചാം മിനുറ്റില്‍ മക്കലിസ്റ്ററിന്‍റെ ലോംഗ് റ‌േഞ്ചര്‍ ശ്രമം ലോറിസിന്‍റെ കൈകള്‍ കടന്നില്ല. തൊട്ടുപിന്നാലെ ഡീപോളിന്‍റെ ഷോട്ട് വരാനെയില്‍ തട്ടി പുറത്തേക്ക് തെറിച്ചു. 

തുടക്കമിട്ട് മെസി, പിന്നാലെ ഡി മരിയ

10 മിനുറ്റിന് ശേഷമാണ് ഫ്രാന്‍സ് ചിത്രത്തില്‍ തെളിയുന്നത്. 14-ാം മിനുറ്റിലാണ് ഫ്രാന്‍സ് അര്‍ജന്‍റീനന്‍ ഗോള്‍മുഖത്തേക്ക് ആദ്യമായി എത്തുന്നത്. 19-ാം മിനുറ്റില്‍ ഹെര്‍ണാണ്ടസിനെ ഡീപോള്‍ ഫൗള്‍ ചെയ്തതതിന് ബോക്‌സിന് തൊട്ട് പുറത്തുവച്ച് ഫ്രാന്‍സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ജിറൂഡിന്‍റെ പറന്നുള്ള ഹെഡര്‍ ബാറിന് മുകളിലൂടെ പാറി. 21-ാം മിനുറ്റില്‍ ഡിമരിയയെ ഡെംബലെ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. ലോറിസ് വലത്തോട്ട് ചാടിയപ്പോള്‍ ഇടത്തോട്ട് അനായാസം പന്ത് വലയിലാക്കി മെസി അര്‍ജന്‍റീനയെ 23-ാം മിനുറ്റില്‍ മുന്നിലെത്തിച്ചു. ഈ ലോകകപ്പില്‍ മെസിയുടെ ആറാം ഗോളാണിത്. 36-ാം മിനുറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ മക്കലിസ്റ്ററിന്‍റെ അസിസ്റ്റില്‍ മരിയ രണ്ടാം ഗോളും കണ്ടെത്തി. 

ഇതോടെ ഡെംബലെയേയും ജിറൂഡിനേയും 42-ാം മിനുറ്റില്‍ പിന്‍വലിച്ച് മാര്‍ക്കസ് തുറാം, കോളോ മൗനി എന്നിവരെ ഇറക്കാന്‍ ദെഷാം നിര്‍ബന്ധിതനായി. എന്നിട്ടും കാര്യമായ ആക്രമണം അഴിച്ചുവിടാന്‍ ഫ്രഞ്ച് ടീമിനായില്ല. മറുവശത്ത് ആദ്യപകുതിയില്‍ പന്തടക്കത്തിലും ആക്രമണത്തിലും ഒരുപോലെ മേധാവിത്തം പുലര്‍ത്തി കുതിക്കുകയാണ് അര്‍ജന്‍റീന. 

ഡബിള്‍, എംബാപ്പെയിലൂടെ ഫ്രാന്‍സ്

49-ാം മിനുറ്റില്‍ മരിയയുടെ പാസില്‍ ഡീപോളിന്‍റെ വോളി ലോറിസിന്‍റെ കൈകളില്‍ അവസാനിച്ചു. ആദ്യപകുതിയി നിര്‍ത്തിയ ഇടത്തുനിന്ന് തന്നെ ആക്രമണം തുടരുന്ന അര്‍ജന്‍റീനയെയാണ് രണ്ടാംപകുതിയില്‍ കണ്ടത്. മറുവശത്ത് ഓണ്‍ ടാര്‍ഗറ്റിലേക്ക് പന്തടിക്കാന്‍ കഴിയാതെ ഫ്രാന്‍സ് മൈതാനത്ത് നിശബ്ദമായിപ്പോയി. കഴിഞ്ഞ ലോകകപ്പിലെ എംബാപ്പെയെ ഓര്‍മ്മിപ്പിച്ച് മിന്നലോട്ടവും ഡ്രിബ്ലിംഗുകളുമായി ഇത്തവണ ഡിമരിയയായിരുന്നു കളത്തിലെ താരം. 71-ാം മിനുറ്റില്‍ എംബാപ്പെ മിന്നലാക്രമണത്തിന് ശ്രമിച്ചെങ്കിലും ഷോട്ട് ലക്ഷ്യം പിഴച്ചു. 79-ാം മിനുറ്റിലെ ഒട്ടാമെന്‍ഡിയുടെ ഫൗളിന് ഫ്രാന്‍സിന് പെനാല്‍റ്റി അനുവദിക്കപ്പെട്ടു. എമിയുടെ ചാട്ടം കൃത്യമായിരുന്നെങ്കിലും എംബാപ്പെയുടെ മിന്നല്‍ വലയിലെത്തി. തൊട്ടുപിന്നാലെ എംബാപ്പെയുടെ പറക്കും ഫിനിഷിംഗില്‍ ഫ്രാന്‍സ് ഒപ്പമെത്തി. 
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker