കൊല്ലം: പോലീസിനെയും മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരേയും സോഷ്യൽ മീഡിയയിലൂടെ അപകീര്‍ത്തിപെടുത്തുകയും അസഭ്യം പറയുകയും ചെയ്ത യൂടൂബറെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം രാമന്‍കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചുവിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇ ബുള്‍ജറ്റ് യൂട്യൂബർ സഹോദരന്മാരെ പിന്തുണച്ച വീഡിയോയിലാണ് റിച്ചാർഡ് പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും അധിക്ഷേപിച്ചത്.
തന്റെ യൂടൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസമാണ് റിച്ചാര്‍ഡ് പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞത്. 4 മിനിറ്റും 11 സെക്കന്റുമുള്ള വീഡിയോ കലാപാഹ്വാനത്തിന് വഴിവയ്ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തത്. ഐ.പി.സി.153,294.ബി,34 വകുപ്പുകള്‍ പ്രകാരം സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപാഹ്വാനം, അസഭ്യവര്‍ഷം, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
വീഡിയോ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ശക്തികുളങ്ങര സിഐ ബിജു പ്രതിയെ പിടികൂടുകയായിരുന്നു.
തെളിവ് ശേഖരണത്തിന്റെ ഭാഗമായി റിച്ചാര്‍ഡിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണും പെന്‍ഡ്രൈവും പിടിച്ചെടുത്തു. ഇവ പിന്നീട് ഫോറന്‍സിക് ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയക്കും.