KeralaNews

നാർക്കോടിക്സ് ജിഹാദ്,പാലാ ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട്,തള്ളി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം:നാർക്കോടിക്സ് ജിഹാദെന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവനയെ ചൊല്ലി യൂത്ത് കോൺഗ്രസിൽ വിവാദം. ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ച് രംഗത്ത് വന്ന മണ്ഡലം കമ്മിറ്റിയുടെ നിലപാടിനെ പേരെടുത്ത് പറയാതെ തള്ളിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി. സംഘടനയുടെ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് പാലാ മണ്ഡലം കമ്മിറ്റിയുടെ വിവാദ നിലപാടിനെതിരായ വിശദീകരണം വന്നിരിക്കുന്നത്.

‘ഏത് വിഷയത്തിലായാലും യൂത്ത് കോൺഗ്രസ്സ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങൾ യൂത്ത് കോൺഗ്രസ്സ് നിലപാടല്ല. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോൺഗ്രസ്സ് പിന്തുണയുണ്ടാവില്ല. അതിനെ ശക്തമായി എതിർക്കും,’ – എന്നാണ് ഫെയ്സ്ബുക് പേജിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നത്.

ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നും ബിഷപ്പിനെ വേട്ടയാടാൻ അനുവദിക്കില്ലെന്നുമാണ് യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞത്. വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തി യാഥാർത്ഥ്യങ്ങൾ പുറത്ത് കൊണ്ടുവരാൻ സർക്കാർ തയ്യാറാകണം. പാലാ ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള പ്രചാരണങ്ങളെ ചെറുക്കും. സിപിഎമ്മും ബിജെപിയും ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്.

പ്രസ്താവന പാലാ മണ്‌ഡലം കമ്മിറ്റിയുടെ വികാരമാണെന്നും പാലാ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തോമസ് ആർ വി ജോസ് പറഞ്ഞു. നാർക്കോട്ടിക്സ് ജിഹാദ് വിഷയത്തിൽ അന്വേഷണം നടത്തിയില്ലെങ്കിൽ ഇത്തരം പ്രചരണങ്ങൾ വെച്ച് രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button