കോട്ടയത്ത് കഞ്ചാവ് ലഹരിയില്‍ കാമുകിയെ വിറക് കമ്പുകൊണ്ട് അടിച്ചു കൊന്നു; പോലീസ് എത്തിയപ്പോള്‍ ബ്ലേഡ് വിഴുങ്ങി യുവാവിന്റെ ആത്മഹത്യാ ഭീഷണി
കോട്ടയം: കഞ്ചാവ് ലഹരിയില്‍ തല ഭിത്തിയില്‍ ഇടിപ്പിച്ച് ബോധംകെടുത്തിയശേഷം 19കാരിയായ കാമുകിയെ കാമുകന്‍ വിറകുകമ്പിന് തലയ്ക്കടിച്ചു കൊന്നു. ഇന്ന് പുലര്‍ച്ചെ കറുകച്ചാലിനു സമീപം ശാന്തിപുരത്താണ് ഞെട്ടിക്കുന്ന സംഭവം. റാന്നി ഉതിപ്പുഴ സ്വദേശിയാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഇന്ന് രാവിലെ 6.15ന് മരണമടഞ്ഞത്. കാമുകനും കുന്നന്താനം കോലത്തുമല മനീഷ് എന്ന് വിളിക്കുന്ന സുബിന്‍ മോഹനനെ (27) പോലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് ലഹരിയിലായിരുന്ന ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാര്‍, കറുകച്ചാല്‍ സി.ഐ സലിം, എസ്.ഐ രാജേഷ് കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. രക്തംവാര്‍ന്ന് വീട്ടില്‍ കിടന്നിരുന്ന യുവതിയെ കറുകച്ചാല്‍ പോലീസാണ് കോട്ടയം ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
യുവതിയെ സുബിന്‍ തട്ടിക്കൊണ്ടുവന്ന് ശാന്തിപുരത്ത് വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. മദ്യപാനിയും കഞ്ചാവിന് അടിമയുമാണ് സുബിനെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. മദ്യപിച്ച് വീട്ടിലെത്തുന്ന സുബിന്‍ യുവതിയെ ഉപദ്രവിക്കുന്നത് നിത്യസംഭവമായതോടെ വാടകവീട്ടില്‍ നിന്നും എന്തു ബഹളം കേട്ടാലും അയല്‍വാസികള്‍ തിരിഞ്ഞുനോക്കാറില്ലായിരുന്നു. എന്നാല്‍ ഇന്നലെ പാതിരാത്രിയോടെ യുവതിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. ഉടന്‍ അവരാണ് കറുകച്ചാല്‍ പോലീസില്‍ വിവരം അറിയിച്ചത്. സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് ഉടന്‍ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആ സമയത്ത് പാതി പൊട്ടിച്ച കുപ്പിയുമായി യുവാവ് വീട്ടില്‍തന്നെ നില്ക്കുന്നുണ്ടായിരുന്നു. പോലീസിനെ കണ്ട് ആത്മഹത്യാഭീഷണി മുഴക്കിയ ഇയാളെ പോലീസ് അനുനയത്തില്‍ പിടികൂടി പോലീസ് ജീപ്പില്‍ കയറ്റി. എന്നാല്‍ ഇയാള്‍ ബ്ലേഡ് വിഴുങ്ങിയിട്ടുണ്ടെന്ന് നാട്ടുകാരില്‍ ആരോ പറഞ്ഞതോടെ നേരെ ജീപ്പ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിടുകയായിരുന്നു. അവിടെയെത്തിയപ്പോള്‍ സുബിന്‍ പരിഭ്രാന്തി സൃഷ്ടിച്ചു. കാഷ്വാലിറ്റിയുടെ ഗ്ലാസുകള്‍ കൈക്ക് ഇടിച്ചുതകര്‍ത്തു. ഗാന്ധിനഗര്‍ പൊലീസ് എത്തി ഇയാളെ പൊലീസ് ജീപ്പിലേക്ക് കയറ്റിയതോടെ ജീപ്പിന്റെ ഡോറിന്റെ ഗ്ലാസും തകര്‍ത്തു. വീണ്ടും കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ് സുബിന്‍.