തിരുവനന്തപുരം: വിവാഹ സല്‍ക്കാരത്തിന് എത്തിയവരുമായുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് പനച്ചിത്തറയില്‍ രഞ്ജിത് (33) ആണ് മരിച്ചത്. മാവേലിക്കരയില്‍ കഴിഞ്ഞ 26 നാണ് സംഘര്‍ഷമുണ്ടായത്.
വിവാഹ വീടിന്റെ മുന്‍വശത്തു കൂടിയുള്ള റോഡില്‍ വിവാഹ വീട്ടിലെത്തിയവര്‍ കൂടി നിന്നു മാര്‍ഗതടസം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായുണ്ടായ വാക്കു തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. നാട്ടുകാരനായ യുവാവിനെ മര്‍ദ്ദിച്ചതറിഞ്ഞ് എത്തിയ രഞ്ജിത്തിനെ ഒരു സംഘം ആക്രമിച്ചു. തലക്ക് പരുക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രഞ്ജിത് ശനിയാഴ്ച ഉച്ചയോടെ മരിച്ചു.
കൊല്ലം പടപ്പാക്കര എള്ളുവിള അജിത് (19), ചരുവിള അഭിലാഷ് (22), പ്രതിഭ ഭവന്‍ അഭിന്‍ (23), മറ്റം വടക്ക് ഹൈ വ്യൂ വീട്ടില്‍ നെല്‍സണ്‍ (54) എന്നിവരെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നെല്‍സന്റെ മകന്റെ വിവാഹ സല്‍ക്കാരവുമായി ബന്ധപ്പെട്ട് കൊല്ലത്തു നിന്നെത്തിയവരും നാട്ടുകാരും തമ്മിലായിരുന്നു സംഘര്‍ഷം. കേസില്‍ മൊത്തം 10 പ്രതികളുണ്ടെന്നും മറ്റുള്ളവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.