സംസ്ഥാനത്ത് വീണ്ടും മദ്യക്കൊല; കൊല്ലത്ത് മദ്യ ലഹരിയില്‍ യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു
കൊല്ലം: കൊല്ലം കുരീപ്പുഴയില്‍ യുവാവ് മദ്യ ലഹരിയില്‍ സുഹൃത്തിനെ അടിച്ചു കൊന്നു. അഞ്ചാലുംമൂട് തണ്ടേക്കാട് ജയന്തികോളനിയില്‍ ജോസ് (35) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജോസിന്റെ സുഹൃത്ത് പ്രശാന്തിനെ ഇന്ന് രാവിലെ അഞ്ചാലുംമൂട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി പതിനൊന്നോടെ തണ്ടേക്കര്‍ കോളനിക്ക് സമീപമായിരുന്നു സംഭവം. ജോസും പ്രശാന്തും തമ്മിലുള്ള വാക്കേറ്റത്തിനിടയില്‍ പ്രശാന്ത് ജോസിനെ അടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അടിയേറ്റ് വീണ ജോസിനെ ഉടന്‍ തന്നെ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ മാത്രം രണ്ട് കൊലപാതകമാണ് കൊല്ലത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലം അഞ്ചല്‍ ഇടമുളക്കലില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചിരുന്നു. രണ്ടാമത്തെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തത് കൊല്ലം നഗരത്തില്‍ നിന്നാണ്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഈ മാസം തന്നെയാണ് കൊല്ലം അഞ്ചലില്‍ ഉത്രയെന്ന യുവതിയും കൊല്ലപ്പെടുന്നത്.