പാലക്കാട്: ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു. പാലക്കാട് പരതൂർ കുളമുക്കിൽ ഇന്നലെയാണ് സംഭവം. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. പ്രദേശത്തുള്ള ആട്ട് (തുള്ളൽ) എന്നൊരു ആചാരത്തിന്റെ ഭാഗമായാണ് ഷൈജു കാഞ്ഞിരക്കായ കഴിച്ചത്.
500ലേറെ കുടുംബങ്ങൾ ഒത്തുചേർന്നാണ് വർഷംതോറും ചടങ്ങ് നടത്താറുള്ളത്. ഷൈജുവാണ് വെളിച്ചപ്പാടായി തുള്ളിയത്. ആചാരത്തിന്റെ ഭാഗമായി വെളിച്ചപ്പാടിന് പഴങ്ങൾ നൽകാറുണ്ട്. ഇതിനെത്തുടർന്നാണ് കാഞ്ഞിരക്കായയും കഴിച്ചത്. കായ കഴിച്ചതിനുശേഷം തുപ്പിക്കളയുകയാണ് പതിവ്. എന്നാൽ ഷൈജു രണ്ടുമൂന്ന് കായകൾ ഒരുമിച്ച് കടിച്ചുവെന്നും പിന്നീട് തുപ്പിക്കളഞ്ഞില്ലെന്നുമാണ് വിവരം.
പിന്നാലെ വീട്ടിൽപോയ ഷൈജു കുളിച്ചതിനുശേഷമാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.