പത്തനംതിട്ട: മലയാലപ്പുഴ ചെങ്ങറമുക്കില്‍ നഴ്സിങ് വിദ്യാര്‍ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ആസിഡ് കുടിച്ച് അയല്‍വാസി കിണറ്റില്‍ ചാടി. സംഭവത്തില്‍ കണ്ണംപാറ ചരുവില്‍ സനോജിനെ(38) പോലീസ് ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തു.
നഴ്സിങ് വിദ്യാര്‍ഥിനിയായ രാധിക(19)യെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഇയാള്‍ കുത്തിപരിക്കേല്‍പ്പിച്ചത്. തോട്ടില്‍ കുളിക്കാന്‍ പോയ രാധികയെ ഇയാള്‍ കറിക്കത്തികൊണ്ട് കുത്തുകയായിരുന്നു. തലയിലും കഴുത്തിലും കൈയിലും മുറിവേറ്റു. കരച്ചില്‍ കേട്ട് പെണ്‍കുട്ടിയുടെ അച്ഛനും അയല്‍വാസികളും എത്തിയപ്പോഴേക്കും സനോജ് ഓടി രക്ഷപ്പെട്ടു. രാധികയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട സനോജ് ആസിഡ് കുടിച്ച് സമീപത്തെ കിണറ്റില്‍ ചാടുകയായിരുന്നു. എന്നാല്‍ കിണറ്റില്‍ വെള്ളം കുറവായതിനാല്‍ അല്പസമയത്തിന് ശേഷം ഇയാള്‍ തന്നെ കിണറ്റില്‍നിന്ന് കരയ്ക്ക് കയറി. ഇതിനു പിന്നാലെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.
നേര്‍പ്പിച്ച ആസിഡ് കഴിച്ചതിനാല്‍ പ്രതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുത്തേറ്റ പെണ്‍കുട്ടിയും ആസിഡ് കുടിച്ച പ്രതിയും അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു.
മേസ്തിരിപ്പണിക്കാരനായ സനോജിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. തൊട്ടടുത്ത വീടുകളില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടേയും സനോജിന്റെയും കുടുംബങ്ങള്‍ വളരെ അടുപ്പത്തിലാണ്. ആന്ധ്ര പ്രദേശില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ രാധിക ലോക്ഡൗണിന് മുമ്പ് നാട്ടിലെത്തിയതാണ്. പത്തു വര്‍ഷം മുമ്പ് മറ്റൊരു യുവതിയുമായുള്ള പ്രശ്‌നത്തിലും സനോജ് ആസിഡ് കുടിച്ചിരുന്നതായി പോലീസ് പറഞ്ഞു.