27.8 C
Kottayam
Friday, May 31, 2024

റേപ്പ് ചെയ്യാന്‍ ശ്രമിച്ചു, റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാന്‍ ചവിട്ടിത്തെറിപ്പിച്ചലറി, ദുരനുഭവം പങ്കുവെച്ച് യുവതി

Must read

കോഴിക്കോട്: ഏത് നിമിഷവും ആക്രമിക്കപ്പെടാവുന്ന ഒരു കേരളത്തിലൂടെയാണ് ഓരോ സ്ത്രീയും കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നു.

രാത്രി എട്ടരയോടെ ബസിറങ്ങി നടന്ന് വരുമ്ബോള്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ വെച്ച്‌ അജ്ഞാന്‍ കടന്ന് പിടിച്ച്‌ ആക്രമിച്ചതും അവനെ പ്രതിരോധിച്ച്‌ നിലത്തിട്ട് ചവിട്ടിയതുമെല്ലാമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കോഴിക്കോട് സ്വദേശിനി വെളിപ്പെടുത്തിയത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ അക്രമിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ നിയമപരമായി നിരവധി ലൂപ് ഹോളുകള്‍ നിലനില്‍ക്കുന്ന നാട്ടില്‍ ഏതറ്റം വരെയും ചെന്ന് അക്രമിക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിച്ചുകൊടുക്കുമെന്ന ശക്തമായ തീരുമാനമാണ് ആലീസ് മഹാമുദ്രയെന്ന യുവതി വ്യക്തമാക്കുന്നത്.

ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ സ്വയം പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ കഥ മറിച്ചായേനേയെന്നും തന്റെ സ്ഥാനത്ത് വിറച്ചു പോകുന്ന ഒരു സ്ത്രീയോ കുട്ടിയോ ആയിരുന്നെങ്കില്‍ സ്ഥിതി ഇതാകുമായിരുന്നില്ലെന്നും അവര്‍ പറയുന്നു. അതിനാല്‍ ലോകത്തിലെ മൊത്തം സ്ത്രീകള്‍ക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടിയും അക്രമിയെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുവതി വ്യക്തമാക്കി.

ഓരോ ബലാത്സംഗക്കേസുകളും ഇപ്പോഴും വിചാരണ കാത്ത് കിടക്കുമ്ബോഴും നിയമപരമായ പഴുതുകളിലൂടെ പ്രതികള്‍ രക്ഷപ്പെട്ട് പോകുമ്ബോഴും ആക്രമിക്കപ്പെടുന്നവരുടെ പോരാടാനുള്ള ആത്മവിശ്വാസമാണ് അവിടെ ഇല്ലാതാകുന്നത്. ഈ സാഹചര്യത്തില്‍ ആലിസ് മഹാമുദ്രയെ പോലെയുള്ള സ്ത്രീകള്‍ സ്വയം പ്രതിരോധവും ആത്മവിശ്വാസവും കൈമുതലാക്കി മുന്നോട്ടുവരുന്നതിനെ പ്രശംസിക്കുകയാണ് സോഷ്യല്‍മീഡിയ. വീട്ടില്‍, ജോലിസ്ഥലത്ത്, നടക്കുന്ന വഴിയില്‍, സഞ്ചരിക്കുന്ന ബസില്‍, രാത്രി ഇടുങ്ങിയ റോഡില്‍ എല്ലാം സ്ത്രീകളെയും കുട്ടികളെയും അപകടങ്ങള്‍ കാത്തിരിക്കുകയാണെന്ന് ആലീസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഓര്‍മ്മപ്പെടുത്തുന്നു.

ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ:

ഇവന്‍ റേപ്പിസ്റ്റ്

ഇന്നലെ രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലം ബസ് ഇറങ്ങി എന്റെ വീട്ടിലേയ്‌ക്ക് നടന്നു വരുന്ന വഴിയില്‍ ഞാന്‍ അറിയാതെ ഇവന്‍ എന്നെ ഫോളോ ചെയ്തിരുന്നു. ജംഗ്ഷന്‍ വിട്ട് ഇടവഴിയിലേയ്‌ക്ക് തിരിഞ്ഞപ്പോ സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്ത ഇടത്തേയ്‌ക്ക് എത്തിയതും ഇവന്‍ എന്നെ ആക്രമിച്ചു, റേപ്പ് ചെയ്യാന്‍ ശ്രമിച്ചു. റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാന്‍ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലര്‍ച്ചയില്‍ ആളുകള്‍ ഓടി വരാന്‍ സാധ്യതയുള്ളതിനാല്‍ അവന്‍ ഓടി. ഞാന്‍ അവന്റെ പുറകെ അലറിക്കൊണ്ടോടി. മെയിന്‍ റോഡില്‍ അവന്റെ പുറകെ ഓടി. അലര്‍ച്ചകേട്ടു ആളുകള്‍ ഓടിക്കൂടി. രണ്ടു കൊച്ചു പയ്യന്മാര്‍ ബൈക്ക് എടുത്ത് അവന്റെ പുറകെ പാഞ്ഞു. അവനെ പിടിച്ചുകൊണ്ടു വന്നു. അവനെ നല്ലവണ്ണം കൈകാര്യം ചെയ്തു കുന്നമംഗലം പൊലീസിന് കൈമാറി.

ഇനിയുള്ളതാണ് നമ്മുടെ നിയമപരമായ ലൂപ്പ് ഹോള്‍. ഇതുവരെയും നടന്ന റേപ്പുകളുടെ വിധി ഇനി ബാക്കി നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ ഏതറ്റം വരെയും ഞാന്‍ പോകും. ഇവന്‍ ഈ സമൂഹത്തില്‍ ഇനിയും പതിയിരിക്കാന്‍ പാടില്ല. ഇന്നലെ ഒരുപക്ഷേ എന്റെ അപകട സാഹചര്യങ്ങളില്‍ വരുന്ന അസാമാന്യ പ്രതിരോധ ശക്തിയും നേരം അതിനെക്കാളും ഇരുട്ടിയിട്ടില്ല എന്നുള്ളതും ഭാഗ്യവും അനൂകൂല ഘടകമായി വന്നതിനാലാണ് ഞാന്‍ റേപ്പ് ചെയ്യപ്പെടാതിരുന്നതും കൊല്ലപ്പെടാതിരുന്നതും. ഇതേ സാഹചര്യത്തില്‍ വിറച്ചു പോകുന്ന ഒരു സ്ത്രീയോ ഒരു കുട്ടിയോ ആയിരുന്നെങ്കില്‍ സ്ഥിതി ഇതാകുമായിരുന്നില്ല. ആയതിനാല്‍ എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകള്‍ക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകള്‍ക്ക് വേണ്ടിയും വെറുതെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

അവനു വേണ്ടി കരഞ്ഞു കാലുപിടിച്ച അവന്റെ അമ്മയോട് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ അവനെ കൊന്നിട്ട് വരൂ. അപ്പോള്‍ മാത്രം ഞാന്‍ നിങ്ങളുടെ വാക്കുകള്‍ക്ക് ചെവി തരാം. അല്ലെങ്കില്‍ ഞാന്‍ അവനെ കൊന്നുകൊള്ളാം.
അവന്റെ പേരും അഡ്രസും ഞാന്‍ ഇന്ന് എടുക്കും. ലോകത്തിന്റെ മുന്നില്‍ ഇവന്‍ റേപ്പിസ്റ്റ് എന്ന് ഞാന്‍ മുദ്രയടിക്കും. ഇനി ഒരിക്കലും എവിടെയും പതുങ്ങിയിരിക്കാന്‍ ഞാന്‍ അനുവദിക്കില്ല..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week