BusinessNationalNews

യെസ് ബാങ്ക് കടുത്ത പ്രതിസന്ധിയില്‍,ഒരു ദിവസം പിന്‍വലിയ്ക്കാവുന്ന നിക്ഷേപത്തിന് നിയന്ത്രണമേര്‍പ്പെടുത്തി റിസര്‍വ്വ് ബാങ്ക്

ന്യൂഡല്‍ഹി: ഇനിയൊരുത്തരവുണ്ടാകുന്നതു വരെ നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി യെസ് ബാങ്ക്. യെസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പരാമവധി പിന്‍വലിക്കാവുന്ന തുക 50000 രൂപയാക്കി നിയന്ത്രിച്ചു.

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. യെസ് ബാങ്കിന്റെ സാമ്പത്തികാവസ്ഥ ദിവസവും താഴേക്കാണെന്നും വായ്പാ നഷ്ടം നികത്തുന്നതിനുസൃതമായ മൂലധന സമാഹാരണം നടത്താന്‍ സാധിക്കുന്നില്ലെന്നും ആര്‍ബിഐ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ഭരണപരമായ ഗൗരവ പ്രശ്‌നങ്ങളാണ് യെസ് ബാങ്ക് നേരിടുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി. ഏപ്രില്‍ മൂന്ന് വരെ യെസ് ബാങ്കിനെതിരെയുള്ള നടപടികള്‍ക്ക് ധനമന്ത്രാലയം മൊറട്ടോറിയം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പിന്‍വലിക്കല്‍ തുകയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇക്കാലയളവില്‍ 50000 രൂപയാണ് പിന്‍വലിക്കാവുന്ന പരമാവധി തുക.

30 ദിവസത്തിനുള്ളില്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാന്‍ പുന:സംഘടനയടക്കമുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. യെസ് ബാങ്കിന്റെ പുതിയ അഡ്മിനിസ്‌ട്രേറ്ററായി എസ്ബിഐ മുന്‍ ഡിഎംഡി പ്രശാന്ത് കുമാറിനെ നിയോഗിച്ചു.

അതേസമയം, പിന്‍വലിക്കാവുന്ന തുകയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടെന്നും എല്ലാ നിക്ഷേപങ്ങള്‍ക്കും സുരക്ഷയുണ്ടാകുമെന്നും ആര്‍ബിഐ അറിയിച്ചു. കടുത്ത പ്രതിസന്ധിയിലായ യെസ് ബാങ്കിനെ ഏറ്റെടുക്കാന്‍ എസ്ബിഐ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എല്‍ഐസിയും യെസ് ബാങ്കില്‍ താല്‍പര്യം പ്രകടിപ്പിച്ചു. എസ്ബിഐ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യം യെസ് ബാങ്കിനെ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. എന്നാല്‍, ഇതുവരെ അന്തിമതീരുമാനമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button