പ്രതിപക്ഷത്തിന്റെ പൊതു രാഷ്ട്രപതി സ്ഥാനാത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചു
ഡൽഹി : പ്രതിപക്ഷത്തിന്റെ പൊതു രാഷ്ട്രപതി സ്ഥാനാത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചു. 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം അംഗീകരിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ്, യശ്വന്ത് സിൻഹയുടെ പേര് പ്രഖ്യാപിച്ചത്. മത്സരിക്കാൻ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി അംഗീകരിച്ചതോടെയാണ് യശ്വന്ത് സിൻഹയുടെ പേര് രാഷ്ട്രപതി സ്ഥാനാത്ഥിയായി പ്രതിപക്ഷനിരയിൽ അംഗീകരിക്കപ്പെട്ടത്.
രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയുടെ പേര് നിർദ്ദേശിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാറായിരുന്നു. എന്നാൽ യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജി വയ്ക്കണമെന്ന് കോൺഗ്രസും ഇടതു പാർട്ടികളും നിലപാടെടുത്തു. ഇത് അംഗീകരിച്ച് അദ്ദേഹം തൃണമൂലിൽ നിന്നും രാജിവെച്ചു. പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികൾ യോഗം ചേര്‍ന്ന് തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
24 വര്‍ഷം സിവിൽ സര്‍വീസ് മേഖലയിൽ പ്രവര്‍ത്തിച്ച യശ്വന്ത് സിൻഹ 1986 ലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ജനതാദളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് ബിജെപി മന്ത്രിസഭയിലടക്കം കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചു. ചന്ദ്രശേഖര്‍, വാജ്പേയി മന്ത്രിസഭകളിൽ അംഗമായിരുന്നു. ചന്ദ്രശേഖറിന്റെ കേന്ദ്ര മന്ത്രിസഭയിൽ ധനമന്ത്രിയായി പ്രവര്‍ത്തിച്ചു. പിന്നീട് ബിജെപിയിൽ ചേര്‍ന്ന ശേഷം വാജ്പേയ് മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായും വിദേശ കാര്യമന്ത്രിയായും പ്രവര്‍ത്തിച്ചു. അതിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തോട് ഇടഞ്ഞാണ് 2018 ൽ ബിജെപി വിട്ടത്. പിന്നീട് 2021 ൽ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേര്‍ന്നു. നിലവിൽ തൃണമൂൽ വൈസ്പ്രസിഡന്റായിരിക്കെയാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയാകാൻ രാജിവെച്ചത്. ബിജെപിയുടെ ഒരു മുൻ നേതാവിനെ തന്നെയാണ് പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നത് ശ്രദ്ധേയമാണ്