ബെയ്ജിംഗ്:സ്‌മാർട്ട്‌ഫോണുകൾക്കും ടെലിവിഷനുകൾക്കും വാക്വം ക്ലീനറുകൾക്കും പിന്നാലെ ചൈനീസ് ടെക് ഭീമനായ ഷവോമി ഇലക്ട്രിക് കാറുകളുടെ ലോകത്തേക്ക് കുതിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യ മോഡലായ ഷവോമി മൊഡേന അഥവാ MS11 എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന സെഡാൻ ഉടൻ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. 2024 ന്റെ ആദ്യ പകുതിയിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന്റെ വൻതോതിലുള്ള ഉൽപ്പാദനം ആരംഭിക്കുമെന്ന് ഷവോമി വ്യക്തമാക്കി.
ഷവോമിയുടെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ലീ ജുൻ ആണ് ചൈനയുടെ വാർഷിക പാർലമെന്ററി സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2022-ൽ കമ്പനി മൂന്ന് ബില്യൺ യുവാൻ (434.3 മില്യൺ ഡോളർ) ഇവി സംരംഭത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഷവോമിയുടെ ഇവി ബിസിനസിലാണ് താൻ തന്റെ പകുതി സമയവും ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഔദ്യോഗിക അനാച്ഛാദനത്തിന് മുന്നോടിയായി, ആദ്യ മോഡലിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 2024-ൽ ഉൽപ്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന, MS11 ഇലക്ട്രിക് കാർ അടുത്തിടെ ഓട്ടോ എക്‌സ്‌പോ 2023-ൽ പ്രദർശിപ്പിച്ച BYD സീൽ ഇലക്ട്രിക് സെഡാനിൽ നിന്ന് ഡിസൈൻ സൂചനകൾ കടമെടുക്കുന്നു. മറ്റ് പ്രമുഖ ആഗോള മോഡലുകളിൽ നിന്നുള്ള സ്വാധീനവും ഇതിന്‍റെ ഡിസൈനിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാല് വാതിലുകളുള്ള ഇലക്ട്രിക് സെഡാൻ ഒഴുകുന്ന ലൈനുകളും എയറോഡൈനാമിക് സിലൗറ്റും ഉൾക്കൊള്ളുന്നു. മുൻവശത്ത്, എൽഇഡി ലൈറ്റുകൾ ഒരു ത്രിശൂലത്തിന്റെ ആകൃതി കാണിക്കുന്നു, അത് ആക്രമണാത്മക രൂപം നൽകുന്നു. ഇത് മക്ലാരൻ 720S-ന് സമാനമാണ്.
ഷവോമി MS11 ന് ഒരു വലിയ വിൻഡ്‌ഷീൽഡും കൂടാതെ സാമാന്യം മികച്ച സൈഡ് ഗ്ലാസ് ഏരിയയും ഉണ്ട്. പിന്നിലേക്ക് നീളുന്ന പനോരമിക് സൺറൂഫും ഇതിലുണ്ട്. മഞ്ഞ ബ്രെംബോ ബ്രേക്ക് കാലിപ്പറുകളോടെ വരുന്ന ചക്രങ്ങളുടെ മധ്യത്തിൽ ഷവോമി ലോഗോ ഇതില്‍ നല്‍കിയിരിക്കുന്നു. വിൻഡ്ഷീൽഡിന് മുകളിൽ ഇരിക്കുന്ന ഒരു സെൻസറും ഉണ്ട്. കാറിന് വീതിയേറിയ പിൻ കമാനങ്ങളുണ്ട്. പാസഞ്ചർ ക്യാബിൻ പിന്നിൽ ചെറുതായി ചുരുങ്ങുന്നു. ആസ്റ്റൺ മാർട്ടിന് സമാനമായ ഡിസൈനാണ് ടെയിൽലൈറ്റുകൾക്ക്.
അതേസമയം ചോർന്ന ചിത്രങ്ങൾ അതിന്റെ ഇന്റീരിയറിനെക്കുറിച്ചോ സാങ്കേതിക സവിശേഷതകളെക്കുറിച്ചോ ഒരു സൂചനയും നൽകുന്നില്ല. ഷവോമി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ വികസിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. ചൈനീസ് റോഡുകളിലും ശൈത്യകാല പരീക്ഷണ വേളയിലും ഈ കാർ തന്നെ നിരവധി തവണ കണ്ടിരുന്നു.
ഷവോമി MS11 ഇലക്ട്രിക് കാറിൽ കമ്പനി സ്വയം വികസിപ്പിച്ച ഇലക്ട്രിക് മോട്ടോർ സജ്ജീകരിക്കും. അതിന്റെ ബാറ്ററികൾ ബിവൈഡി ഉള്‍പ്പെടെയുള്ള കമ്പനികളുടേതായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റ ചാർജിൽ 1,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ കാറിന് സാധിക്കും എന്നും ഷവോമി പറയുന്നു. ഏകദേശം 260 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന 800 വോൾട്ട് സംവിധാനത്തോടെയാണ് ഇവി വരുന്നത്.