കൊവിഡ് നിരക്കുകൾ ഉയർന്നതിന് പിന്നിൽ XBB.1.16, ജാഗ്രത കൈവിടരുത്- ലോകാരോഗ്യസംഘടന
ന്യൂഡല്‍ഹി:ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും കൊവിഡ് കേസുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഒരിടവേളയ്ക്കുശേഷം ഇന്ത്യയിലും കോവിഡ് നിരക്കുകൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ പുതിയ വ്യാപനത്തിന് പിന്നിൽ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖയായ എക്സ്.ബി.ബി.1.16 (XBB.1.16) ആണെന്ന് വ്യക്തമാക്കുകയാണ് ലോകാരോഗ്യസംഘടന. ഈ വകഭേദത്തെ ജാഗ്രതയോടെ നേരിടേണ്ടതുണ്ട് എന്നും ലോകാരോഗ്യസംഘടനയുടെ കോവിഡ് ടെക്നിക്കൽ ലീഡായ മരിയ വാൻ കെർഖോവ് പറഞ്ഞു.
ഇന്ത്യയിൽ പെട്ടെന്നുള്ള രോഗവ്യാപനത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് മരിയ. ആഗോളതലത്തിലെ കോവിഡ് കണക്കുകളും മരണനിരക്കുകളുമൊക്കെ കുറയുമ്പോഴും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. ഇന്ത്യയിൽ വ്യാപിക്കുന്ന മറ്റ് വകഭേദങ്ങളെ മറികടന്ന് ആധിപത്യം സൃഷ്ടിക്കുകയാണ് XBB.1.16. ഇതിനകം 22 രാജ്യങ്ങളിലാണ് XBB.1.16 വകഭേദം റിപ്പോർട്ട്ചെയ്തിരിക്കുന്നത്.
കൂടുതൽ വ്യാപനശേഷിയുള്ള വിധത്തിൽ മാറാനുള്ള വൈറസിന്റെ പ്രാപ്തി മാത്രമല്ല അതിനൊപ്പം ഗുരുതരമാവുക കൂടി ചെയ്യുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്നത് എന്നും അവർ പറഞ്ഞു. അതിനാൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ് എന്നും മരിയ പറയുന്നു.
XBB.1.5നോട് സാമ്യമുള്ളതാണ് പുതിയ വകഭേദമെങ്കിലും ഇവയിൽ സ്പൈക് പ്രോട്ടീനിലുള്ള ചില മാറ്റങ്ങൾ വ്യാപനശേഷി കൂടുതലാണ് എന്നു വ്യക്തമാക്കുന്നുണ്ട്. നിലവിൽ അറുനൂറോളം ഒമിക്രോൺ ഉപവകഭേദങ്ങളെ ലോകാരോഗ്യസംഘടന നിരീക്ഷിച്ചു വരുന്നുണ്ട്. അവയിലൊന്നാണ് XBB.1.16.
ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് രക്ഷനേടാൻ അധിക ബൂസ്റ്റർ ഡോസ് നൽകണമെന്നും ലോകാരോഗ്യസംഘടന നിർദേശിച്ചു. ഇവർക്ക് അവസാന ഡോസെടുത്ത് ആറ്/12 മാസത്തിനുശേഷം അധിക ബൂസ്റ്റർ ഡോസ് നൽകാമെന്നാണ് ഡബ്ല്യു.എച്ച്.ഒ. വിദഗ്ധ ഉപദേശകസമിതിയുടെ നിർദേശം.
പ്രായമുള്ളവർ, മറ്റ് അസുഖങ്ങളുള്ള യുവാക്കൾ, പ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യപ്രവർത്തകർ എന്നിവരെയാണ് അപകടസാധ്യതകൂടിയ വിഭാഗമായി കണക്കാക്കുന്നത്.
രാജ്യത്ത് ശനിയാഴ്ച 2994 കേസുകൾകൂടി റിപ്പോർട്ടുചെയ്തു. ഇതോടെ മൊത്തം ആക്ടീവ് കേസുകൾ 16,354 ആയി. ഏറ്റവുമധികം കേസുകളുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.