
ഭോപ്പാൽ: കാഴ്ച സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുകയായിരുന്ന യുവാവിന്‍റെ കണ്ണിൽ നിന്ന് ജീവനുള്ള വിരയെ പുറത്തെടുത്തതായി റിപ്പോർട്ടുകൾ. യുവാവിന്‍റെ കണ്ണിൽ ചുവപ്പ് നിറവും അസ്വസ്ഥതയുമുണ്ടായിരുന്നു. ഭോപ്പാൽ എയിംസിലെ ഡോക്ടർമാരാണ് മധ്യപ്രദേശിൽ നിന്നുള്ള 35 കാരന്‍റെ കണ്ണിൽ നിന്ന് ജീവനുള്ള വിരയെ നീക്കം ചെയ്തത്. പല ഡോക്ടർമാരെയും കണ്ട് പല മരുന്നുകൾ കഴിച്ചിട്ടും കാഴ്ച കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടതോടെയാണ് യുവാവ് എയിംസിൽ എത്തിയത്.
വിശദമായ പരിശോധനയ്ക്ക് ശേഷം യുവാവിന്‍റെ കണ്ണിനുള്ളിൽ ഒരിഞ്ച് നീളമുള്ള വിര ചലിക്കുന്നത് കണ്ട് ഡോക്ടർമാർ ഞെട്ടി. കണ്ണിനുള്ളിലെ വിട്രിയസ് ജെല്ലിലാണ് വിര ജീവിച്ചിരുന്നത്. അത്തരം കേസുകൾ വളരെ അപൂർവമാണെന്ന് ഡോക്ർമാർ വ്യക്തമാക്കി. പുഴുവിന് ജീവനുണ്ടായിരുന്നതിനാൽ അതിനെ നീക്കം ചെയ്യുന്നത് എളുപ്പമായിരുന്നില്ല.
എയിംസിലെ ചീഫ് റെറ്റിന സർജൻ ഡോ സമേന്ദ്ര കർക്കൂറിന്‍റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. പുഴു അനങ്ങുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കണ്ണിന് ദോഷം വരുത്താതെ വിരയുടെ ചലനം തടയാൻ ഡോക്ടർമാർ ആദ്യം ലേസർ ഉപയോഗിച്ചു. അതിനുശേഷം വിട്രിയോ-റെറ്റിനൽ സർജറി ഉപയോഗിച്ച് വിരയെ പുറത്തെടുത്തു.