28.9 C
Kottayam
Tuesday, May 14, 2024

ചൈനയുടെ സിനോഫാം വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

Must read

ബെയ്ജിംഗ്: ചൈനയുടെ സിനോഫാം കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന അഞ്ചാമത്തെ കൊവിഡ് വാക്‌സിന്‍ ആണിത്. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയത്.

പാശ്ചാത്യേതര രാജ്യം വികസിപ്പിച്ച് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ വാക്‌സിന്‍ ആണിത്. ഫൈസര്‍, അസ്ട്രാസെനെക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മോഡേണ എന്നിവ നിര്‍മ്മിക്കുന്ന വാക്‌സിനുകള്‍ക്ക് മാത്രമേ ലോകാരോഗ്യ സംഘടന ഇതിന് മുമ്പ് അംഗീകാരം നല്‍കിയിട്ടുള്ളൂ.

എന്നാല്‍ സിനോഫാമിന് യുഎഇ, ബഹ്റൈന്‍, പാക്കിസ്ഥാന്‍, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ റഗുലേറ്ററി അഥോറിറ്റി അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ഈ വാക്‌സിന് അനുമതി നല്‍കുന്നതില്‍ തീരുമാനമെടുക്കാന്‍ ലോകാരോഗ്യസംഘടനയുടെ തീരുമാനം ഊര്‍ജം പകരും.

18 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ രണ്ട് ഡോസുകളായി നല്‍കണമെന്ന് ലോകാരോഗ്യസംഘടന ശിപാര്‍ശ ചെയ്യുന്നു. ചൈനയിലെയും മറ്റിടങ്ങളിലെയും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സിനോഫാം ഇതിനകം നല്‍കിയിട്ടുണ്ട്. മറ്റൊരു ചൈനീസ് കൊവിഡ് വാക്‌സിനായ സിനോവാക് അടിയന്തര ഉപയോഗത്തിനായി അംഗീകാരം നല്‍കണോ എന്ന കാര്യത്തിലും ലോകാരോഗ്യ സംഘടന ഉടന്‍ തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

സിനോവാക് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വാക്‌സിന്‍ ഫലപ്രാപ്തിയെക്കുറിച്ച് അവലോകനം നടത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week