ബ്യൂനസ് ഐറിസ്∙ അർജന്റീനയ്ക്കായി ലോകകപ്പ് മത്സരങ്ങളിൽ ഉപയോഗിച്ച ഗ്ലൗവുകൾ ലേലം ചെയ്ത് ഗോള്‍ കീപ്പര്‍ എമിലിയാനോ മാർട്ടിനസ്. ഫൈനലിൽ ഫ്രാൻസിനെതിരായ പെനൽറ്റി ഷൂട്ടൗട്ടിൽ അടക്കം ഉപയോഗിച്ച ഗ്ലൗവിനു കിട്ടിയത് 45,000 ഡോളറാണ്. കുട്ടികൾക്ക് കാൻസർ ചികിത്സ നല്‍കുന്ന ആശുപത്രിയെ സഹായിക്കാനായിരുന്നു അർജന്റീന താരം ഗ്ലൗ ലേലം ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച ഓൺലൈനായാണു ലേലം നടപടികൾ നടന്നത്. ലേലത്തിനു മുന്‍പ് ഗ്ലൗവിൽ അർജന്റീന താരം കയ്യൊപ്പിട്ടു നൽകിയിരുന്നു. ഇന്ത്യൻ രൂപ ഏകദേശം 36.8 ലക്ഷത്തിനായിരുന്നു ഗ്ലൗ ലേലത്തിൽ പോയത്. മുഴുവൻ തുകയും ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ആസ്റ്റൻ വില്ലയുടെ ഗോൾ കീപ്പറാണ് എമിലിയാനോ മാർട്ടിനസ്.
ഇംഗ്ലണ്ടിലെ വീട്ടിലിരുന്ന് ഓൺലൈൻ ലിങ്ക് വഴി മാർട്ടിനസ് ലേലത്തിന്റെ ഭാഗമായി. അർജന്റീനയിലെ കുട്ടികളെ ചികിത്സിക്കുന്ന പ്രധാന ആശുപത്രികളിലൊന്നായ ഗറാഹൻ ആശുപത്രിക്കാണു പണം കൈമാറിയത്. ‘‘ലോകകപ്പ് ഫൈനൽ എപ്പോഴും കളിക്കാനാകാത്തതു കൊണ്ടു തന്നെ ഗ്ലൗ തനിക്ക് പ്രധാനപ്പെട്ട ഒന്നായിരുന്നു. പക്ഷേ അത് വീട്ടിലെ ചുവരിൽ തൂക്കിയിടുന്നതിനേക്കാളും ഒരു കുട്ടിക്ക് സഹായമാകുമെങ്കിൽ അതാണു വലിയ കാര്യം.’’– മാര്‍ട്ടിനസ് പ്രതികരിച്ചു.
ഫിഫ ലോകകപ്പിലെ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരവും എമിലിയാനോ മാര്‍ട്ടിനെസ് സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫ്രാൻസിനെ കീഴടക്കി അർജന്റീന കിരീടം ചൂടിയത്. അടുത്തിടെ പ്രഖ്യാപിച്ച ഫിഫ ദ് ബെസ്റ്റിൽ ഗോൾകീപ്പർക്കുള്ള പുരസ്കാരവും എമിലിയാനോ സ്വന്തമാക്കി.