ലോക ചെസ് ചാമ്പ്യൻഷിപ്പ്: ഗുകേഷിന് പരാജയം,ഒപ്പമെത്തി ചൈനയുടെ ഡിങ് ലിറൻ ;വരാനുള്ളത് നിര്‍ണ്ണായക പോരാട്ടങ്ങള്‍
സിംഗപ്പൂര്‍:ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിർണായകമായ 12-ാം റൗണ്ട് മത്സരത്തിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിനെ പരാജയപ്പെടുത്തി ചൈനയുടെ ഡിങ് ലിറൻ. ഇതോടെ ഇരുവരും പോയിന്റിൽ ഒപ്പത്തിനൊപ്പമെത്തി. പോയിന്റ് 6-6.
ഞായറാഴ്ച നടന്ന 11-ാം റൗണ്ട് മത്സരത്തിൽ ചൈനയുടെ ഡിങ് ലിറനെതിരേ നിർണായക ജയം ഗുകേഷ് സ്വന്തമാക്കിയിരുന്നു.
ഒന്നാം പോരാട്ടം ഡിങ് ലിറൻ ജയിച്ചപ്പോൾ മൂന്നാം പോരിൽ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയിൽ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്.
14 പോരാട്ടങ്ങൾ അടങ്ങിയ ചാമ്പ്യൻഷിപ്പിൽ ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാൾ ചാമ്പ്യനാകും. ഒരു വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് 0.5 പോയിന്റുമാണ് ലഭിക്കുക. 14 റൗണ്ടുകൾ അവസാനിക്കുമ്പോഴും മത്സരം സമനില ആവുകയാണെങ്കിൽ അടുത്ത ദിവസം ടൈബ്രേക്ക് നടത്തിയായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.
ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചാലഞ്ചറാണ് ഗുകേഷ്. മത്സരം ജയിച്ചാൽ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെ മറികടക്കും. എന്നാൽ ലോക ചെസ് ചാമ്പ്യൻഷിപ്പ് പ്രവചനങ്ങൾക്കപ്പുറമുള്ള സങ്കീർണയാഥാർഥ്യമായതിനാൽ ഉദ്വേഗജനകങ്ങളായ രണ്ട് പോരാട്ടദിനങ്ങളാണ് ചെസ് പ്രേമികളെ കാത്തിരിക്കുന്നത്.